വിവാദങ്ങളിൽ പ്രകോപിതരാകരുത്, ആത്മീയ ചർച്ചകളെ വഴിതിരിച്ചുവിടുന്നവരെ തിരിച്ചറിയണം: കാന്തപുരം എ.പി അബൂബക്കര്‍ മുസലിയാര്‍

ആരാധനാലയങ്ങൾക്കുള്ള നിർമാണാനുമതി; സർക്കാർ തീരുമാനം സ്വാഗതാർഹം: കാന്തപുരം

കോഴിക്കോട്: ആത്മീയ ചർച്ചകളെ ബോധപൂർവ്വം വിവാദങ്ങളിലേക്കും വിഭാഗീയതയിലേക്കും വഴിതിരിച്ചുവിടാൻ ശ്രമിക്കുന്നവരുടെ നിക്ഷിപ്ത താത്പര്യങ്ങൾ കൃത്യമായി തിരിച്ചറിയണമെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസലിയാര്‍. സമീപകാലത്തുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. തൻ്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് കാന്തപുരം നിലപാട് വ്യക്തമാക്കിയത്.

പ്രവർത്തകർ യാതൊരുവിധ പ്രകോപനങ്ങൾക്കും വശംവദരാകരുതെന്നും അച്ചടക്കത്തോടെയും സംയമനത്തോടെയും മുന്നോട്ടുപോകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഏതു തിന്മകളെയും നന്മ കൊണ്ടുമാത്രം എതിരിട്ട സംസ്കാരമാണ് പാരമ്പര്യ സുന്നി വിശ്വാസികളുടേത്. അതിനാൽ പ്രകോപനപരമായ സാഹചര്യങ്ങളിൽ വൈകാരികമായി പ്രതികരിക്കാതെ തികഞ്ഞ പക്വതയോടെയും വിവേകത്തോടെയുമാകണം ഇടപെടലുകളെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു.

കാന്തപുരത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

സംവാദങ്ങൾ ആശയങ്ങളെ നിഷ്പക്ഷമായി വിലയിരുത്താനും പുതിയ കാര്യങ്ങൾ പഠിക്കാനുമുള്ള ആരോഗ്യകരമായ വേദികളാകണം. അതേസമയം, ഇത്തരം ആത്മീയ ചർച്ചകളെ ബോധപൂർവ്വം വിവാദങ്ങളിലേക്കും വിഭാഗീയതയിലേക്കും വഴിതിരിച്ചുവിടാൻ ശ്രമിക്കുന്നവരുടെ നിക്ഷിപ്ത താത്പര്യങ്ങൾ നാം കൃത്യമായി തിരിച്ചറിയുകയും വേണം. അറിവന്വേഷണങ്ങളെ അട്ടിമറിച്ച്, സമൂഹത്തിൽ ഭിന്നത വളർത്താനുള്ള ഇത്തരം ദുഷ്ടലാക്കുകളെ തികഞ്ഞ ജാഗ്രതയോടെ വേണം നാം സമീപിക്കാൻ.

പ്രവർത്തകർ യാതൊരുവിധ പ്രകോപനങ്ങൾക്കും വശംവദരാകാൻ പാടില്ല. ഇത്തരം സാഹചര്യങ്ങളിൽ ഒട്ടും വൈകാരികമായി പ്രതികരിക്കാതെ, തികഞ്ഞ പക്വതയോടെയും വിവേകത്തോടെയും മാത്രമേ നാം ഇടപെടാവൂ. നാളിതുവരെയും ഏതു തിന്മകളെയും നന്മ കൊണ്ടു മാത്രം എതിരിട്ട സംസ്കാരമാണ് പാരമ്പര്യ സുന്നി വിശ്വാസികളുടേത്. നമ്മുടെ അടിസ്ഥാന ലക്ഷ്യങ്ങളിൽ നിന്ന് വ്യതിചലിക്കാതെ, അച്ചടക്കത്തോടെയും സംയമനത്തോടെയും മുന്നോട്ടു പോകണം. അല്ലാഹു എല്ലാവർക്കും നന്മകൾക്കു തൗഫീഖ് നൽകട്ടെ.

Tags

Share this story