'ദേവാലയങ്ങള്‍ അക്രമിക്കപ്പെടുന്നത് കണ്ടില്ലെന്ന് നടിക്കരുത്'; തലശേരി ബിഷപ്പിനോട് പ്രതിപക്ഷ നേതാവ്

VD

കൊച്ചി: ബിജെപിയെ സഹായിക്കാമെന്ന തലശേരി ബിഷപ്പിന്റെ പ്രസ്താവന വൈകാരികമായിരുന്നെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. റബ്ബര്‍ കര്‍ഷകരുടെ സങ്കടങ്ങളില്‍ നിന്നുണ്ടായ പ്രസ്താവനയായി മാത്രം അതിനെ കാണാം. എന്നാല്‍ ക്രൈസ്തവ ദേവാലയങ്ങള്‍ അക്രമിക്കപ്പെടുന്നത് കണ്ടില്ലെന്ന് നടിക്കരുതെന്നും സതീശന്‍ ബിഷപ്പിനോട് ആവശ്യപ്പെട്ടു. റബര്‍ കര്‍ഷകര്‍ക്ക് ഒരു ഗ്യാരന്റിയും ഭരണകൂടം നല്‍കുന്നില്ല. എന്നാല്‍ അതിന്റെ പേരില്‍ ബിജെപി ഭരണകൂടത്തെ പിന്തുണയ്്ക്കാനാവില്ലെന്നും സതീശന്‍ വ്യക്തമാക്കി.

നാലുകൊല്ലത്തിനിടെ 500 ലധികം ദേവാലയങ്ങളാണ് ആക്രമിക്കപ്പെട്ടത്. സ്റ്റാന്‍ സ്വാമിയെന്ന വന്ദ്യവയോധികനെ ജയിലില്‍ ഇട്ട് കൊലപ്പെടുത്തിയ ഭരണകൂടമാണ് മോദി ഭരണകൂടം. നിരവധി പുരോഹിതരും പാസ്റ്റര്‍മാരും ഇന്ന് ജയിലിലാണ്. ക്രൈസ്തവ ന്യനപക്ഷം രാജ്യത്ത് നേരിടുന്ന വലിയ പ്രശ്‌നം സംഘ്പരിവാര്‍ സംഘടനകളുടെ ആക്രമണങ്ങളാണെന്നും സതീശന്‍ പറഞ്ഞു. ബിഷപ്പിന്റെ പ്രസ്താവന അപകടകരമാണെന്നും രാജ്യത്തിലെ സ്ഥിതി മനസിലാക്കാതെയാണ് അദ്ദേഹം ബിജെപിയെ സഹായിക്കാന്‍ പോകുന്നതെന്നും ഇന്ത്യന്‍ കറന്‍സ് ചീഫ് എഡിറ്റര്‍ ഫാദര്‍ സുരേഷ് മാത്യു പ്രതികരിച്ചു. ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കും ക്രിസ്ത്യന്‍ പള്ളികള്‍ക്കും നേരെ ഉത്തരേന്ത്യയില്‍ നടക്കുന്നത് വലിയ ആക്രമണമാണ്. സംഘപരിവാറിനോട് ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സഭയുടെ പഠനം മനസിലായിട്ടില്ല. 'നോട്ടിന് വോട്ട്' എന്നതിന് തുല്യമാണ് ആര്‍ച്ച് ബിഷപ്പിന്റെ പ്രസ്താവന. നേട്ടമുണ്ടായാല്‍ വോട്ട് ചെയ്യാം എന്ന് ഒരു ആര്‍ച്ച് ബിഷപ്പിനും പറയാന്‍ അവകാശമില്ലെന്നും സുരേഷ് മാത്യു പറഞ്ഞു.

റബര്‍ വില 300 രൂപയായി ഉയര്‍ത്തിയാല്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയെ സഹായിക്കുമെന്ന പ്രസ്താവനയാണ് വിവാദമായത്. കണ്ണൂര്‍ ആലക്കോട് നടന്ന കത്തോലിക്കാ കോണ്‍ഗ്രസിന്റെ പ്രതിഷേധ റാലിയിലായിരുന്നു ബിഷപ്പിന്റെ പ്രതികരണം. 'റബറിന് വിലയില്ല. ആരാണ് ഉത്തരവാദി. കേന്ദ്ര സര്‍ക്കാര്‍ വിചാരിച്ചാല്‍ റബറിന്റെ വില 250 രൂപയാക്കി മാറ്റാന്‍ കഴിയും. തെരഞ്ഞെടുപ്പില്‍ വോട്ടായി മാറാത്ത ഒരു പ്രതിഷേധത്തിനും ജനാധിപത്യത്തില്‍ വിലയില്ലായെന്ന സത്യം ഓര്‍ക്കുക. റബറിന്റെ വില 300 രൂപയായി പ്രഖ്യാപിച്ച്, ആ റബര്‍ കര്‍ഷകനില്‍ നിന്നും എടുക്കണമെന്നും എടുക്കുക. നിങ്ങള്‍ക്ക് ഒരു എംപിയും ഇല്ലെന്ന് വിഷമം കുടിയേറ്റ ജനത മാറ്റിത്തരാം. ഞങ്ങള്‍ക്ക് രാഷ്ട്രീയമല്ല, ഗതികേടിന്റെ മറുകരയില്‍ നില്‍ക്കുകയാണ്.' എന്നായിരുന്നു ബിഷപ്പിന്റെ പ്രതികരണം. ലോക്‌സഭാ തെരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ട് ക്രൈസ്തവ സഭയുടെ പിന്തുണയ്ക്ക് ബിജെപി ശ്രമിക്കുന്നതിനിടെയാണ് ബിഷപ്പിന്റെ ഭാഗത്ത് നിന്നുള്ള പ്രതികരണം.

Share this story