പ്രതിപക്ഷ നേതാവ് പറയുന്നത് ഏറ്റെടുക്കേണ്ട; ബിനോയ് വിശ്വത്തെ വിമർശിച്ച് മന്ത്രി വി ശിവൻകുട്ടി
Apr 12, 2025, 11:47 IST

മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകളെ പിന്തുണച്ച് രംഗത്തുവന്ന സിപിഎം നേതാക്കളെ പരോക്ഷമായി വിമർശിച്ച സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് മറുപടിയുമായി മന്ത്രി വി ശിവൻകുട്ടി രംഗത്ത്. വീണ വിജയന്റെ കാര്യത്തിൽ ബിനോയ് വിശ്വത്തിന് ഉത്കണ്ഠ വേണ്ട. കേസ് കൈകാര്യം ചെയ്യാൻ വീണക്ക് അറിയാം. കേസിന് പിന്നിൽ രാഷ്ട്രീയ ദുഷ്ടലാക്കുണ്ടെന്നും മന്ത്രി പറഞ്ഞു എൽഡിഎഫ് പിണറായിക്ക് പൂർണപിന്തുണ നൽകിയിട്ടുണ്ട്. ബിനോയ് വിശ്വം അഭിപ്രായം പറയേണ്ടിയിരുന്നത് ഇടത് മുന്നണി യോഗത്തിലായിരുന്നു. പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതിലും ബിനോയ് വിശ്വത്തിന് വ്യത്യസ്ത അഭിപ്രായമാണുള്ളത്. കേന്ദ്ര സർക്കാരിന്റെ കാശായത് കൊണ്ട് കേരളം വാങ്ങാതിരിക്കേണ്ട കാര്യമില്ല കേരളത്തിലെ നയങ്ങളും നിലപാടുകളുമാണ് വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കുന്നത്. ബിനോയ് വിശ്വം ഓഫീസിലേക്ക് വന്നാൽ നേരിട്ട് ബോധ്യപ്പെടുത്താം. മൂന്ന് പദ്ധതികൾ കേന്ദ്ര ഫണ്ടോടെ കൃഷി വകുപ്പും നടത്തുന്നുണ്ട്. വികസനത്തിന് കേന്ദ്ര പണം ചെലവഴിക്കുന്നതിൽ എന്താണ് തെറ്റ്. പ്രതിപക്ഷ നേതാവ് പറയേണ്ട കാര്യങ്ങൾ ബിനോയ് വിശ്വം ഏറ്റെടുക്കേണ്ടെന്നും വി ശിവൻകുട്ടി പറഞ്ഞു.