ഉദ്ദേശശുദ്ധിയിൽ സംശയം: സമഗ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിനെതിരെ പ്രമേയവുമായി മുഖ്യമന്ത്രി

സമഗ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിനെതിരെ നിയമസഭയിൽ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉദ്ദേശശുദ്ധിയിൽ സംശയമുണ്ടെന്നും തിടുക്കപ്പെട്ടുള്ള നടപടി നിഷ്‌കളങ്കമായി കാണാൻ കഴിയില്ലെന്നും പ്രമേയം അവതരിപ്പിച്ച് കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷവും പ്രമേയത്തെ അനുകൂലിച്ചു
മൗലികാവകാശത്തെ ഹനിക്കുന്ന ഇത്തരം നടപടികളിൽ നിന്ന് പിന്തിരിഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷൻ സുതാര്യമായി വോട്ടർ പട്ടിക പുതുക്കൽ നടത്തണമെന്ന് മുഖ്യമന്ത്രി പ്രമേയത്തിൽ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം ദേശീയ പൗരത്വ രജിസ്റ്ററിന്റെ വളഞ്ഞ വഴിയിലൂടെയുള്ള നടപ്പാക്കലാണെന്ന ആശങ്ക വ്യാപകമാണെന്നും മുഖ്യമന്ത്രി പറഞ്ഞു
കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും നടക്കാനിരിക്കെ തിടുക്കപ്പെട്ട് എസ് ഐ ആർ നടത്തുന്നത് ദുരുദ്ദേശപരമാണ്. ഇതിന് മുമ്പ് 2002ലാണ് കേരളത്തിൽ വോട്ടർ പട്ടികയുടെ തീവ്ര പുനഃപരിശോധന നടന്നത്. ഇപ്പോൾ പുനഃപരിശോധന നടത്തുന്നത് 2002 അടിസ്ഥാനമാക്കിയാണെന്നതും അശാസ്ത്രീയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു