​ഡോ. റീനയ്ക്ക് തിരിച്ചടി; സ്ഥലംമാറ്റ ഉത്തരവ് അംഗീകരിച്ച് ഹൈക്കോടതി

Dr Reena

കൊച്ചി: ആരോഗ്യവകുപ്പ് ഡയറക്ടര്‍ പദവിയില്‍ നിന്നുള്ള ഡോ. കെ.ജെ. റീനയുടെ സ്ഥലംമാറ്റം തടഞ്ഞുകൊണ്ടുള്ള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ (KAT) ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സര്‍ക്കാരിന്റെ അപ്പീല്‍ ഹര്‍ജി പരിഗണിച്ചാണ് സ്ഥലംമാറ്റ നടപടികളില്‍ നിയമപരമായ തെറ്റില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഇതോടെ ഡോ. റീനയെ ആരോഗ്യവകുപ്പ് ഡയറക്ടര്‍ (DHS) സ്ഥാനത്തുനിന്ന് മാറ്റിയ സര്‍ക്കാര്‍ നടപടി നിലനില്‍ക്കും.

​നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ വീഴ്ചയും സര്‍ക്കാരുമായി സഹകരിക്കുന്നില്ലെന്ന ആക്ഷേപവും ചൂണ്ടിക്കാട്ടിയാണ് ആരോഗ്യവകുപ്പ് ഡയറക്ടറായിരുന്ന ഡോ. റീനയെ എറണാകുളം റീജിയണല്‍ പബ്ലിക് ഹെല്‍ത്ത് ലാബിലേക്ക് സ്ഥലം മാറ്റി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇതിനെതിരെ ഡോ. റീന സമര്‍പ്പിച്ച ഹര്‍ജിയില്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ രണ്ട് ആഴ്ചത്തേക്ക് സ്ഥലംമാറ്റം സ്റ്റേ ചെയ്തിരുന്നു. ഈ ഉത്തരവ് ചൂണ്ടിക്കാട്ടി ഡോ. റീന ഡി.എച്ച്.എസ് ഓഫീസിലെത്തി ചുമതലയേല്‍ക്കാന്‍ ശ്രമിച്ചത് വലിയ നാടകീയ രംഗങ്ങള്‍ക്കും വഴിവെച്ചു.

​എന്നാല്‍, ട്രൈബ്യൂണല്‍ വിധിക്കെതിരെ സര്‍ക്കാര്‍ അടിയന്തരമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഡോ. റീന മൂന്ന് വര്‍ഷത്തെ സേവന കാലാവധി പൂര്‍ത്തിയാക്കിയതാണെന്നും ഫെബ്രുവരിയില്‍ ഡെപ്യൂട്ടേഷന്‍ കാലാവധി അവസാനിച്ചതാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പൊതുജനാരോഗ്യ മേഖലയിലെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് കൂടുതല്‍ ഉത്തരവാദിത്തമുള്ള പദവിയിലേക്കാണ് മാറ്റിയതെന്ന സര്‍ക്കാര്‍ വാദം കോടതി അംഗീകരിച്ചു.

Tags

Share this story