ഡോക്ടർ വന്ദന ദാസ് വധക്കേസ്: സന്ദീപിന് വധശിക്ഷ ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രോസിക്യൂഷൻ
Mar 21, 2026, 12:32 IST
ഡോക്ടർ വന്ദന ദാസ് വധക്കേസിലെ വിചാരണ കോടതി വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് സ്‌പെഷ്യൽ പ്രോസിക്യൂട്ടർ പ്രതാപ് ജി പടിക്കൽ. വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടത്. വിധി പ്രസ്താവം കൂടുതൽ പരിശോധിച്ച ശേഷം ബാക്കി കാര്യങ്ങൾ പറയാമെന്നും പ്രതാപ് ജി പടിക്കൽ പറഞ്ഞു
പ്രതി ജീവിതകാലം മുഴുവൻ ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. കേസിൽ പ്രതി കുടവട്ടൂർ സ്വദേശിയും അധ്യാപകനുമായ സന്ദീപിന് ജീവപര്യന്തം ശിക്ഷയും ഒരു ലക്ഷം രൂപ പിഴയുമാണ് കൊല്ലം അഡീഷണൽ സെഷൻസ് കോടതി വിധിച്ചത്.
കേസിൽ 302ാം വകുപ്പ് പ്രകാരമുള്ള കുറ്റകൃത്യം പ്രതി ചെയ്തതായി കോടതി കണ്ടെത്തിയപ്പോൾ പരമാവധി ശിക്ഷ നൽകണമെന്ന വാദമാണ് പ്രോസിക്യൂഷൻ ഉയർത്തിയത്. പ്രതിക്ക് ശിക്ഷ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും പ്രോസിക്യൂഷൻ അറിയിച്ചു
