ഡ്രൈവിംഗ് ലൈസൻസ് വൈകില്ല; പുതിയ പരിഷ്കാരങ്ങളുമായി എംവിഡി, പ്രതിദിന ടെസ്റ്റുകളുടെ എണ്ണം കൂട്ടി

ഡ്രൈവിംങ്

തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസൻസും ലേണേഴ്‌സ് ടെസ്റ്റുകളും വൈകുന്നതിനെതിരെയുള്ള വ്യാപക പരാതികൾക്ക് പരിഹാരവുമായി മോട്ടോർ വാഹന വകുപ്പ് (MVD). ഡ്രൈവിംഗ് ടെസ്റ്റുകൾക്ക് കാത്തിരിക്കേണ്ടി വരുന്ന കാലതാമസം ഒഴിവാക്കാൻ പുതിയ നിർദ്ദേശങ്ങളും ക്രമീകരണങ്ങളുമടങ്ങുന്ന സർക്കുലർ ട്രാൻസ്‌പോർട്ട് കമ്മീഷണർ പുറത്തിറക്കി.

​പ്രധാന മാറ്റങ്ങൾ:

ടെസ്റ്റ് സ്ലോട്ടുകൾ വർധിപ്പിച്ചു: ഡ്രൈവിംഗ് ടെസ്റ്റിനായുള്ള പ്രതിദിന ക്വോട്ട 40-ൽ നിന്ന് 50 ആയി ഉയർത്തി.

ആഴ്ചയിൽ 5 ദിവസം പരീക്ഷ: കെട്ടിക്കിടക്കുന്ന അപേക്ഷകൾ മൂന്നു മാസത്തിനകം തീർപ്പാക്കുന്നതിനായി അടുത്ത മൂന്ന് മാസത്തേക്ക് ആഴ്ചയിൽ അഞ്ച് ദിവസവും ഡ്രൈവിംഗ്, ലേണേഴ്‌സ് ടെസ്റ്റുകൾ നടത്തുന്നതായിരിക്കും.

പ്രതിദിന അലോക്കേഷൻ: ദിവസം അനുവദിക്കുന്ന 50 സ്ലോട്ടുകളിൽ 28 എണ്ണം പുതിയ അപേക്ഷകർക്കും, 20 എണ്ണം റീ-ടെസ്റ്റുകൾക്കും, 2 എണ്ണം മുൻഗണനാ വിഭാഗങ്ങൾക്കുമായി മാറ്റി വെക്കും.

നിശ്ചിത സമയപരിധി: ബുക്ക് ചെയ്ത് 30 ദിവസത്തിനകം പുതിയ അപേക്ഷകർക്കും, പരാജയപ്പെട്ടാൽ 8 ദിവസത്തിനകം റീ-ടെസ്റ്റിനും, 3 ദിവസത്തിനകം ലേണേഴ്‌സ് ടെസ്റ്റിനും സ്ലോട്ടുകൾ ലഭ്യമാക്കും.

സ്മാർട്ട് ഫോണിൽ ലേണേഴ്‌സ് ടെസ്റ്റ്: ഓഫീസ് കമ്പ്യൂട്ടറുകളുടെ ക്ഷാമം പരിഹരിക്കാൻ സ്മാർട്ട് ഫോണുകൾ വഴിയും ഫേഷ്യൽ റെക്കഗ്നിഷൻ (Facial Recognition) ഉപയോഗിച്ച് ലേണേഴ്‌സ് പരീക്ഷ എഴുതാൻ സൗകര്യമൊരുക്കും.

​വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധനയും ഡ്രൈവിംഗ് ടെസ്റ്റും ഒരേ ദിവസം നടത്തുന്നതിനുള്ള വിലക്ക് നീക്കിയിട്ടുണ്ട്. ഗ്രൗണ്ടുകളിലെ ഈ ക്രമീകരണങ്ങൾ കൃത്യമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും എംവിഡി അറിയിച്ചു. 

Tags

Share this story