ലഹരി, ഗുണ്ടാസംഘങ്ങൾ അഴിഞ്ഞാടുന്നു; സംസ്ഥാനത്ത് ക്രമസമാധാനം തകർന്നെന്ന് വിഡി സതീശൻ

സംസ്ഥാനത്ത് ക്രമസമാധാനം തകർന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ലഹരി, ഗുണ്ടാസംഘങ്ങൾ അഴിഞ്ഞാടുകയാണ്. ആർക്കും നിയമം കയ്യിലെടുക്കാവുന്ന സ്ഥിതിയിലേക്കാണ് കേരളത്തെ എത്തിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും നിഷ്ഠൂരമായ കൊലപാതകങ്ങളും ആക്രമണങ്ങളുമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്നും വിഡി സതീശൻ വാർത്താക്കുറിപ്പിലൂടെ വിമർശിച്ചു

കുറിപ്പിന്റെ പൂർണരൂപം

ക്രമസമാധാനം പൂർണമായും തകർത്ത് ആർക്കും നിയമം കയ്യിലെടുക്കാവുന്ന സ്ഥിതിലേക്കാണ് സർക്കാരും ആഭ്യന്തര വകുപ്പും കേരളത്തെ എത്തിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും നിഷ്ഠൂരമായ കൊലപാതകങ്ങളും ആക്രമണങ്ങളുമാണ് എല്ലാ ദിവസങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് കാറിലെത്തിയ ഗുണ്ടാ സംഘം യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. തലയോട്ടി പിളർന്ന നിലയിലാണ് യുവാവിനെ ആശുപത്രിയിൽ എത്തിച്ചത്. മൂവാറ്റുപുഴയിൽ മകൻ അമ്മയെ കഴുത്തിൽ ഷാൾ മുറുക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. പെരിന്തൽമണ്ണയിൽ ഇതരസംസ്ഥാന തൊഴിലാളിയെ ദമ്പതികൾ കൊലപ്പെടുത്തി. തൃശൂർ ചേർപ്പിൽ അച്ഛനും മകനുമായുള്ള വഴക്കിൽ ഇടപെട്ട യുവാവിനെ ഗുണ്ടകൾ അടിച്ചുകൊന്നു. എറണാകുളം തമ്മനത്ത് നടുറോഡിൽ ബൈക്ക് വച്ചതിനെ ചൊല്ലി ഉണ്ടായ തർക്കത്തിൽ യുവാവിനെ കുത്തിക്കൊന്നു. ഇങ്ങിനെ എത്രയെത്ര കൊലപാതകങ്ങളും അക്രമ സംഭവങ്ങളുമാണ് ഓരോ ദിവസവും കേരളത്തിൽ നടക്കുന്നത്?

Advertisement

നിയന്ത്രിക്കാൻ ആരുമില്ലാതെ കുത്തഴിഞ്ഞ അവസ്ഥയിലാണ് കേരളത്തിലെ പൊലീസ് സംവിധാനം. ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി ടൂറിലാണ്. അദ്ദേഹം സംസ്ഥാനത്ത് ഉണ്ടായിരുന്നപ്പോഴും ഇതൊക്കെ തന്നെയായിരുന്നു അവസ്ഥ. പൊലീസിനെ രാഷ്ട്രീയവത്ക്കരിച്ച് പ്രദേശിക സ്റ്റേഷനുകളുടെ നിയന്ത്രണം സി.പി.എം ജില്ല, ഏരിയ കമ്മിറ്റികൾക്ക് വിട്ടുകൊടുത്തതാണ് സംസ്ഥാനത്തെ ക്രമസമാധാന തകർച്ചയ്ക്ക് കാരണം. ലഹരി- ഗുണ്ടാ മാഫിയകളുടെ കണ്ണികളായ പ്രവർത്തിക്കുന്നതും അത്തരം സംഘങ്ങൾക്ക് രാഷ്ട്രീയ രക്ഷാകർതൃത്വം നൽകുന്നതും സി.പി.എം നേതാക്കളാണ്. ആലപ്പുഴയിൽ ഉൾപ്പെടെ ഇത് എത്രയോ തവണ വ്യക്തമായതാണ്.

പ്രതിപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ അടിച്ചൊതുക്കലും സി.പി.എം ക്രിമിനലുകൾക്ക് സുരക്ഷ ഒരുക്കലും മാത്രമാണ് കേരള പൊലീസിന്റെ പണി. പൊലീസിന്റെ ആത്മാഭിമാനമാണ് ഈ സർക്കാർ ഇല്ലാതാക്കിയത്. സംസ്ഥാനത്ത് ഗുരുതര ക്രമസമാധാന പ്രശ്നങ്ങൾ ആവർത്തിക്കുമ്പോഴും പൊലീസ് സേനയ്ക്ക് ഒരു തലവനുണ്ടോയെന്നു പോലും സംശയിക്കേണ്ട നിലയിലേക്കാണ് കാര്യങ്ങൾ പോകുന്നത്.

സംസ്ഥാനത്തെ ക്രമസമാധാനം വീണ്ടെടുക്കാനും ക്രിമിനലുകളെയും ലഹരി സംഘങ്ങളെയും നിയന്ത്രിക്കാനും പൊലീസ് അടിയന്തരമായി തയാറാകണം. ടൂറിനു പോയ ആഭ്യന്തര മന്ത്രിയുടെ തിരിച്ചുവരവിന് കാത്തിരിക്കാതെ ക്രിമിനലുകൾക്കെതിരെ കർശന നടപടി സ്വീകരിക്കാനും ക്രമസമാധാനം നടപ്പാക്കാനുമുള്ള നിർദ്ദേശം നൽകാൻ സംസ്ഥാന പൊലീസ് മേധവി തയാറാകണം.

Share this story