പത്തനംത്തിട്ടയിൽ ലഹരിവേട്ടയ്ക്ക് ഇറങ്ങിയ പൊലീസ് ജീപ്പ് മദ്യപിച്ച ഉദ്യോഗസ്ഥൻ ഓടിച്ചു; നാട്ടുകാരെ കണ്ട് മറ്റ് ഉദ്യോഗസ്ഥർ ഓടി രക്ഷപെട്ടു

പത്തനത്തിട്ട

പത്തനംതിട്ട: ലഹരിവേട്ടയ്ക്കായി ഇറങ്ങിയ പത്തനംതിട്ടയിലെ ഡാൻസാഫ് (DANSAF) സംഘത്തിലെ പൊലീസ് ഉദ്യോഗസ്ഥർ മദ്യപിച്ച് ലക്കുകെട്ട നിലയിൽ യാത്ര ചെയ്തതായി റിപ്പോർട്ട്. മദ്യപിച്ച് നിയന്ത്രണം വിട്ട പൊലീസ് ജീപ്പ് മറ്റ് വാഹനങ്ങളിൽ ഇടിക്കാതെ തലനാരിഴയ്ക്കാണ് രക്ഷപെട്ടത്. റോഡിലൂടെ അപകടകരമായ രീതിയിൽ നീങ്ങിയ ജീപ്പ് ഒടുവിൽ നാട്ടുകാർ തടഞ്ഞുവെക്കുകയായിരുന്നു.

​മൈലപ്രയിൽ ഓട്ടോ ഓടിക്കുന്ന ശോഭ എന്ന വനിതാ ഡ്രൈവറുടെ കൃത്യമായ ഇടപെടലാണ് വലിയൊരു അപകടം ഒഴിവാക്കിയത്. പൊലീസ് ജീപ്പ് നിയന്ത്രണം വിട്ട് റോഡിലൂടെ പാഞ്ഞുപോകുന്നത് ശ്രദ്ധയിൽപ്പെട്ട ശോഭ, ഡ്രൈവിങ് സീറ്റിലിരുന്ന ഉദ്യോഗസ്ഥൻ മദ്യപിച്ചു ബോധമില്ലാത്ത അവസ്ഥയിലാണെന്ന് മനസ്സിലാക്കി ജീപ്പിനെ പിന്തുടരുകയായിരുന്നു. തുടർന്ന് മറ്റ് യാത്രക്കാരും നാട്ടുകാരും ചേർന്ന് വാഹനം തടഞ്ഞു നിർത്തി.

​നാട്ടുകാർ ജീപ്പ് തടഞ്ഞതോടെ വണ്ടിയിലുണ്ടായിരുന്ന മറ്റ് രണ്ട് പൊലീസ് ഉദ്യോഗസ്ഥർ ഓടി രക്ഷപെട്ടു. എന്നാൽ മദ്യലഹരിയിൽ ബോധമില്ലാതിരുന്ന ഡ്രൈവർക്ക് വണ്ടിയിൽ നിന്ന് ഇറങ്ങി മാറാൻ പോലും കഴിഞ്ഞിരുന്നില്ല. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മറ്റ് പൊലീസ് ഉദ്യോഗസ്ഥരെത്തിയാണ് ഈ വാഹനവും ഡ്രൈവറെയും കസ്റ്റഡിയിലെടുത്തത്. നിയമപാലകർ തന്നെ ഇത്തരത്തിൽ ലഹരിയുപയോഗിച്ച് പൊതുജനങ്ങൾക്ക് ഭീഷണിയാകുന്നതിനെതിരെ നാട്ടുകാർക്കിടയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. സംഭവത്തിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ ജില്ലാ പൊലീസ് മേധാവി കർശന നടപടി സ്വീകരിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

Tags

Share this story