പിവി ശ്രീനിജനെതിരായ സാബു എം ജേക്കബിന്റെ ജാതീയ അധിക്ഷേപത്തിൽ പ്രതിഷേധം ഉയരണമെന്ന് ഡിവൈഎഫ്‌ഐ

പിവി ശ്രീനിജനെതിരെ ട്വന്റി ട്വന്റി കോർഡിനേറ്റർ സാബു എം ജേക്കബ് നടത്തിയ ജാതീയ അധിക്ഷേപത്തിൽ പ്രതിഷേധം ഉയരണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റ്. കോലഞ്ചേരി സമ്മേളനത്തിലെ പ്രസംഗത്തിൽ സാബു എം ജേക്കബ് നടത്തിയത് ഹീനമായ ജാതിയ വിദ്വേഷവും അധിക്ഷേപവുമാണ്. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിക്കെതിരായ തെരുവ് മാടമ്പിയുടെ ഭാഷയിലെ സാബു എം ജേക്കബിന്റെ അധിക്ഷേപ പ്രസംഗം പൊതുസമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും ഡിവൈഎഫ്‌ഐ പറഞ്ഞു

കോടികൾ ഒഴുക്കി ട്വന്റി ട്വന്റി പോലൊരു അരാഷ്ട്രീയ കൂട്ടത്തിന്റെ നേതാവായി സ്വയം അമർന്നിരിക്കുന്ന സാബു എം ജേക്കബിന്റെ പണത്തിന്റെ ഹുങ്ക് കേരളത്തിലെ ജനപ്രതിനിധികളുടെ മേലേക്ക് തീർക്കാൻ നിന്നാൽ കേരള സമൂഹം അത് കയ്യും കെട്ടി കേട്ട് നിൽക്കുമെന്ന് കരുതരുത്. മൈക്ക് മുന്നിൽ കാണുമ്പോൾ ഇനിയും വിട്ടുമാറാത്ത സവർണ ഫ്യൂഡൽ ബോധങ്ങൾ തികട്ടി വരുന്നുണ്ടെങ്കിൽ അതിനുള്ള മരുന്നും സാംസ്‌കാരിക കേരളത്തിന് സ്വന്തമായുണ്ട്. സാബുവിനെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു.
 

Share this story