എബോള വൈറസ് വ്യാപനം; കൊച്ചി വിമാനത്താവളത്തിൽ മുൻകരുതൽ നിരീക്ഷണം ശക്തമാക്കി

Ebola Virus

എബോള വൈറസ് ബാധ വ്യാപനവുമായി ബന്ധപ്പെട്ട് കൊച്ചി വിമാനത്താവളത്തിൽ മുൻകരുതൽ നടപടികൾ ഊർജിതമാക്കി. വിദേശത്തുനിന്നെത്തുന്ന രോഗലക്ഷണമുള്ളവർക്കായി ഐസൊലേഷനായി മൂന്ന് ആശുപത്രികൾ സജ്ജീകരിച്ചു. അന്താരാഷ്ട്ര യാത്രക്കാർ എമിഗ്രേഷൻ വിഭാഗത്തിന് സെൽഫ് ഡിക്ലറേഷൻ സമർപ്പിക്കണമെന്നും സിയാൽ അധികൃതർ അറിയിച്ചു. എറണാകുളം ജനറൽ ആശുപത്രി, കളമശേരി മെഡിക്കൽ കോളജ്, ആലുവ ജില്ലാ ആശുപത്രി എന്നിവിടങ്ങളിലാണ് ഐസൊലേഷൻ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്.

വിമാനത്താവളത്തിൽ 24 മണിക്കൂർ നിരീക്ഷണം തുടരും. തെർമൽ സ്കാനിങ്, വിഷ്വൽ ഇൻസ്പെക്ഷൻ, ട്രാവൽ ഹിസ്റ്ററി പരിശോധന എന്നിവയും ഏർപ്പെടുത്താൻ തീരുമാനമായി. റിപ്പോർട്ട് ചെയ്തിട്ടുള്ള എബോള വൈറസിന്റെ അഞ്ച് സ്പീഷിസുകളിൽ ബുണ്ടിബുഗ്യോ എബോള വൈറസ് (BDBV) വകഭേദത്തിന് ഇതുവരെ ഫലപ്രദമായ വാക്സിനോ പ്രത്യേക ചികിത്സയോ ലഭ്യമല്ല.

രോഗബാധയ്ക്ക് ശേഷം 2 മുതൽ 21 ദിവസം വരെയാണ് ഇൻക്യൂബേഷൻ കാലയളവ്. പനി, തൊണ്ടവേദന, തലവേദന എന്നിവ ഉൾപ്പെടെയുള്ള ഫ്ലൂ സമാന ലക്ഷണങ്ങളാണ് തുടക്കത്തിൽ കാണപ്പെടുന്നത്. രോഗത്തിന്റെ മരണനിരക്ക് 30 മുതൽ 50 ശതമാനം വരെയാണെന്നും യോഗത്തിൽ വിശദീകരിച്ചു. ലോകാരോഗ്യ സംഘടന (WHO) എബോള വ്യാപനത്തെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച സാഹചര്യത്തിൽ കോംഗോ, ഉഗാണ്ട, സൗത്ത് സുഡാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് എത്തുന്ന യാത്രക്കാരെ പ്രത്യേക നിരീക്ഷണ വിധേയരാക്കും.

Tags

Share this story