സിപിഐഎം-എക്‌സാലോജിക് ഇടപാടിലെ ഇ ഡി നടപടി; ഓലപ്പാമ്പ് കാണിച്ച് പേടിപ്പിക്കേണ്ട, വഴങ്ങില്ല: എം.വി. ഗോവിന്ദൻ

MV Govindan

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടിലെ ഇ ഡി നടപടിയില്‍ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഇ ഡിക്ക് രാഷ്ട്രീയ ലക്ഷ്യമാണ്. ഓലപ്പാമ്പ് കാണിച്ച് ഭയപ്പെടുത്താമെന്ന് കരുതേണ്ട. വഴങ്ങാന്‍ മനസില്ല. ഏത് കേസ് വന്നാലും നേരിടും. ഇനിയും പല കേസുകളും വരും. പ്രതിരോധിച്ച് മുന്നോട്ടുപോകും. ഒരു കത്തിനൊന്നും വലിയ വിലയില്ല. യുഡിഎഫ് സര്‍ക്കാര്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് അറിയേണ്ടതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോടായിരുന്നു എം വി ഗോവിന്ദൻ്റെ പ്രതികരണം.

ഇ ഡി നടപടിയില്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് വേറെ നിലപാടാണ്. സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ കേന്ദ്ര ഏജന്‍സികള്‍ വരുമ്പോള്‍ ഒരു നിലപാട് എടുക്കും. അവരില്‍ തന്നെ ചിലര്‍ ഇവിടെ വന്ന് എന്തുകൊണ്ട് പിണറായിയെ അറസ്റ്റ് ചെയ്തില്ല എന്നാണ് ചോദിച്ചത്. ബിജെപിയുമായി കോണ്‍ഗ്രസ് ഡീല്‍ രൂപപ്പെടുന്നു എന്നാണ് മനസ്സിലാക്കേണ്ടതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. സിഎംആര്‍എല്‍ പണം നല്‍കിയവരുടെ കൂട്ടത്തില്‍ മന്ത്രിമാരായ രമേശ് ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമുണ്ട്. സംഭാവനായി വാങ്ങിയതാണെന്ന് അവര്‍ തന്നെ സമ്മതിച്ചതാണ്. എന്നാല്‍ അതില്‍ കേസെടുക്കാന്‍ ഇ ഡി തയ്യാറായിട്ടില്ല. പിണറായി വിജയനെ കേസില്‍ ഉള്‍പ്പെടുത്താനുള്ള രാഷ്ട്രീയ ഇടപെടലാണ് നടക്കുന്നത്. ഇതിനെ രാഷ്ട്രീയമായും സംഘടനാപരമായും നേരിടുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെയുള്ള നീക്കം പോല രാഷ്ട്രീയ വേട്ടയാണ് നടക്കുന്നത്. കോടതികള്‍ തള്ളിക്കളഞ്ഞ കേസാണ്. പാര്‍ട്ടി പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചാണ് മുന്നോട്ടു പോയിട്ടുള്ളത്. അതുപോലെതന്നെ ഇതും നേരിടുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടില്‍ റെയ്ഡിനെത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ചതില്‍ ഇ ഡി കേസെടുത്തതിലും എം വി ഗോവിന്ദന്‍ പ്രതികരിച്ചു. ഇ ഡിക്കെതിരെ സുപ്രീംകോടതിയും ഹൈക്കോടതിയും രംഗത്തുവന്നതാണെന്നും ഈ ഏജന്‍സികള്‍ കൃത്യമായ നിലപാട് സ്വീകരിക്കുന്നവരല്ലെന്ന് കോടതികള്‍ നിരീക്ഷിച്ചതാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. അവര്‍ക്ക് ആവശ്യമുളളത് മാത്രമേ ചെയ്യൂ എന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

ചൊവ്വാഴ്ചയായിരുന്നു സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ ഡിജിപിക്ക് ഇ ഡി റിപ്പോര്‍ട്ട് നല്‍കിയത്. റിപ്പോര്‍ട്ടില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണ ടി, മുന്‍ മന്ത്രിയും എംഎല്‍എയുമായ പി എ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ ഗുരുതര പരാമര്‍ശമായിരുന്നു ഉണ്ടായിരുന്നത്. വീണ വഴി പിണറായി വിജയന്‍ 3.28 കോടി രൂപ സിഎംആര്‍എല്ലില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്നാണ് കത്തില്‍ പറഞ്ഞത്. പിണറായി വിജയന് പുറമെ മുഹമ്മദ് റിയാസ്, എക്‌സാലോജിക് എം ഡിയായ വീണ എന്നിവര്‍ക്കെതിരെയും കത്തില്‍ ഗുരുതര ആരോപണമുണ്ട്. കൈക്കൂലിപ്പണം മുഹമ്മദ് റിയാസ് വീണ വഴിയും സുഹൃത്തുകള്‍ വഴിയും ദുബായിലേക്ക് അയച്ചുവെന്നാണ് കത്തില്‍ പറയുന്നത്. കൈക്കൂലിപ്പണം കൈപ്പറ്റാനും കടത്താനും വീണ പിതാവ് പിണറായി വിജയനെയും ഭര്‍ത്താവ് കൂടിയായ റിയാസിനെയും സഹായിച്ചുവെന്നും കത്തിലുണ്ട്. ഇടപാടുകള്‍ക്കായി എക്‌സാലോജിക് സൊല്യൂഷന്‍സ് വാഹനം ഉപയോഗിച്ചു, സിഎംആര്‍എല്‍ എം ഡി കൈക്കൂലി പണം നല്‍കി, സിഎംആര്‍എല്‍ മുന്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ പി സുരേഷ് കുമാര്‍ കൈക്കൂലി ഇടപാടുകള്‍ നടത്തുന്നതിന് സഹായിച്ചു തുടങ്ങിയ കാര്യങ്ങളും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. കൈക്കൂലി പണം കൈപ്പറ്റുന്നതിനും കൈമാറുന്നതിനും വീണയെയും റിയാസിനെയും ഷൈജല്‍, പി നിഖില്‍, ഹസ്സന്‍ വാരിഷ്, ഫൈസാജ് വി പി, നന്ദുലാല്‍ എം എന്നിവര്‍ സഹായിച്ചതായും കത്തില്‍ പറഞ്ഞിരുന്നു.

Tags

Share this story