ഇഡി ഡയറക്ടർ രാഹുൽ നവിൻ കൊച്ചിയിൽ; നിർണായക കേസുകളിൽ തുടർനടപടികൾ ചർച്ച ചെയ്യാൻ ഉന്നതതല യോഗം

ED Rahul Naveen

കൊച്ചി: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഡയറക്ടർ രാഹുൽ നവിൻ കൊച്ചിയിലെത്തി. കേരളത്തിലെ ഇഡി ഉദ്യോഗസ്ഥരുടെ അടിയന്തരവും നിർണായകവുമായ ഉന്നതതല യോഗത്തിൽ അദ്ദേഹം അധ്യക്ഷത വഹിക്കും. സംസ്ഥാനത്ത് നിലവിൽ ഇഡി അന്വേഷിച്ചുകൊണ്ടിരിക്കുന്ന പ്രമുഖ കേസുകളുടെ പുരോഗതിയും തുടർനടപടികളും യോഗത്തിൽ വിലയിരുത്തും.

പ്രതിപക്ഷനേതാവിൻ്റെ മകൾ വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിയും സിഎംആർഎല്ലും (CMRL) തമ്മിലുള്ള സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കേസിൽ കേരള ഹൈക്കോടതിയുടെ വിധി വന്നിരിക്കുന്ന പശ്ചാത്തലത്തിലാണ് ഇഡി ഡയറക്ടറുടെ ഈ അപ്രതീക്ഷിത സന്ദർശനം. സിഎംആർഎൽ കേസിലെ അന്വേഷണവുമായി മുന്നോട്ട് പോകുന്നതിൽ ഇഡിക്ക് ഇനി തടസമില്ല.

കഴിഞ്ഞ ദിവസം സിഎംആർഎൽ കേസുമായി ബന്ധപ്പെട്ട് ഇഡി നടത്തിയ റെയ്ഡിനിടെ തിരുവനന്തപുരത്ത് വച്ച് ഇഡി ഉദ്യോഗസ്ഥരുടെ വാഹനത്തിന് നേരെ ആക്രമണമുണ്ടായിരുന്നു. ഈ സംഭവത്തിൽ കൊച്ചി യൂണിറ്റ് ഡയറക്ടർക്ക് വിശദമായ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ, വരും ദിവസങ്ങളിൽ സ്വീകരിക്കേണ്ട സുരക്ഷാ മുൻകരുതലുകളും അന്വേഷണ രീതികളും യോഗത്തിൽ പ്രധാന ചർച്ചാവിഷയമാകും.
​എക്‌സാലോജിക് കേസിന് പുറമേ കേരളത്തിൽ ഇഡി അന്വേഷിക്കുന്ന മറ്റ് പ്രധാന സാമ്പത്തിക ക്രമക്കേട് കേസുകളുടെ നിലവിലെ അവസ്ഥയും ഇഡി ഡയറക്ടറുടെ നേതൃത്വത്തിൽ നടക്കുന്ന യോഗം വിശദമായി പരിശോധിക്കും.

Tags

Share this story