വീണ വിജയന്റെ ബാങ്ക് ലോക്കറിൽ ഇ.ഡി പരിശോധന; നടപടി തിരുവനന്തപുരത്തെ എച്ച്.ഡി.എഫ്.സി ബാങ്കിൽ

Veena ED New

തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ മകൾ ടി. വീണയ്‌ക്കെതിരെ നടപടി കടുപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇ.ഡി). വീണയുടെ തിരുവനന്തപുരത്തെ എച്ച്.ഡി.എഫ്.സി (HDFC) ബാങ്കിലുള്ള ലോക്കർ ഇ.ഡി ഉദ്യോഗസ്ഥർ തുറന്ന് പരിശോധിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ കേസിന്റെ ഭാഗമായി ഇ.ഡി മരവിപ്പിച്ച അക്കൗണ്ടുകളിലൊന്നിലാണ് ഈ ലോക്കർ സൗകര്യമുള്ളത്.

​സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടിൽ പരമാവധി തെളിവുകൾ എത്രയും വേഗം ശേഖരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇ.ഡിയുടെ ഈ നിർണായക നീക്കം. വീണയുടെ മരവിപ്പിച്ച ബാങ്ക് അക്കൗണ്ടിൽ ഒന്നര ലക്ഷത്തോളം രൂപ മാത്രമാണ് ഉണ്ടായിരുന്നതെങ്കിലും, ഈ അക്കൗണ്ടിനോട് ചേർന്നുള്ള ലോക്കറിൽ നിർണായക രേഖകളോ മറ്റ് സാമ്പത്തിക ഇടപാട് വിവരങ്ങളോ ഉണ്ടെന്ന സംശയത്തെ തുടർന്നാണ് പരിശോധന.

​കേസുമായി ബന്ധപ്പെട്ട് ഇ.ഡി ഡയറക്ടറുടെ നേതൃത്വത്തിൽ കൊച്ചിയിൽ നടന്ന ഉന്നതതല യോഗത്തിന് ശേഷമാണ് നടപടികൾ വേഗത്തിലാക്കിയത്. സി.എം.ആർ.എൽ കമ്പനി നൽകിയ അപ്പീൽ ഹൈക്കോടതി തള്ളിയതോടെ ഇ.ഡിക്ക് അന്വേഷണവുമായി മുന്നോട്ട് പോകാൻ ശക്തമായ നിയമസാധുത ലഭിച്ചിരുന്നു. ലോക്കർ പരിശോധനയ്ക്ക് പിന്നാലെ വീണയുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതിലേക്ക് അടക്കമുള്ള തുടർനടപടികളിലേക്ക് കേന്ദ്ര ഏജൻസി കടക്കുമെന്നാണ് സൂചനകൾ. നിലവിൽ കേസുമായി ബന്ധപ്പെട്ട് വിവിധ ബാങ്കുകളിലായി 18 കോടിയോളം രൂപയുടെ അക്കൗണ്ടുകൾ ഇ.ഡി മരവിപ്പിച്ചിട്ടുണ്ട്. വിദേശ അക്കൗണ്ടുകൾ വഴിയുള്ള പണമിടപാടുകളെക്കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.

Tags

Share this story