ഇഡി പിടിമുറുക്കുന്നു; എം.ശിവശങ്കര്‍ ഹാജരായി; ലൈഫ് മിഷന്‍ കേസില്‍ നിര്‍ണ്ണായകമായി വീണ്ടും ചോദ്യം ചെയ്യല്‍

ED
എം.ശിവശങ്കറിനെ സംബന്ധിച്ച് നിര്‍ണ്ണായകമാണ് ഇന്നത്തെ ചോദ്യം ചെയ്യല്‍

ലൈഫ് മിഷൻ  അഴിമതിയില്‍  എം ശിവശങ്കര്‍ ഇഡിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി. കൊച്ചി ഇഡി ഓഫീസിലാണ് ചോദ്യംചെയ്യലിന് ഹാജരായത്. ലൈഫ് മിഷന്‍ കരാറുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിലാണ് ഇ.ഡി. അന്വേഷണം. ലൈഫ് മിഷൻ കരാർ ലഭിക്കാൻ 4 കോടി 48 ലക്ഷം രൂപയുടെ  കോഴ നൽകിയെന്ന യൂണിടാക്ക് ഉടമ  സന്തോഷ് ഈപ്പന്‍റെ വെളിപ്പെടുത്തലിനെ തുടർന്നാണ് ഇഡി കള്ളപ്പണം തടയൽ നിയമപ്രകാരം കേസ് എടുത്തത്. ശിവശങ്കറിനെതിരായ കേസ് ഇഡി മുറുക്കുകയാണ് എന്ന സൂചനയാണ്  ഒരു ഇടവേളയ്ക്ക് ശേഷം ശിവശങ്കറിനെ ചോദ്യം ചെയ്യാനുള്ള ഇഡിയുടെ നീക്കം നല്‍കുന്നത്. 

ഇന്നു  രാവിലെ 11 മണിയോടെ സ്വകാര്യവാഹനത്തില്‍ ശിവശങ്കര്‍ കൊച്ചി ഇ.ഡി. ഓഫീസിലെത്തുകയായിരുന്നു. സ്വര്‍ണ്ണക്കടത്തുകേസുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷിന്റെ ലോക്കറില്‍ നിന്ന് ഒരുകോടി രൂപയോളം  കണ്ടെത്തിയിരുന്നു. ഇത് ലൈഫ് മിഷന്‍ ഇടപാടില്‍ ശിവശങ്കറിന് ലഭിച്ച കോഴയാണെന്നാണ് ഇ.ഡിയുടെ നിഗമനം.

കരാർ ലഭിക്കാൻ ഇടനില നിന്ന സ്വപ്ന സുരേഷിന് 1 കോടി ലഭിച്ചെന്നും സ്വപ്നയുടെ ലോക്കറിൽ നിന്ന് കണ്ടെത്തിയത് ഈ കള്ളപ്പണമാണെന്നുമായിരുന്നു ഇഡി കണ്ടെത്തൽ. യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ, സ്വർണ്ണക്കടത്ത് കേസിലെ കൂട്ട് പ്രതി സന്ദീപ് നായർ എന്നിവരയും ഇഡി നേരത്തെ ചോദ്യം ചെയ്തിരുന്നു. ലൈഫ് മിഷൻ കോഴ ഇടപാടിൽ സിബിഐയും കേസ് എടുത്തിരുന്നെങ്കിലും അന്വേഷണം നിലച്ചിരിക്കുകയാണ്.

കഴിഞ്ഞ ആഴ്ചയാണ് ശിവശങ്കര്‍  കായിക, യുവജന, മൃഗസംരക്ഷണ വകുപ്പ്  പ്രിന്‍സിപ്പല്‍ സെക്രട്ടറി പോസ്റ്റില്‍ നിന്നും വിരമിച്ചത്. വിരമിക്കുന്ന ദിവസം തന്നെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിരമിക്കുന്ന ദിവസം ആണെന്ന് ചൂണ്ടിക്കാട്ടി ശിവശങ്കര്‍ അന്നേ ദിവസം ഹാജരാകാന്‍ കഴിയില്ലെന്ന് ഇഡിയെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ്  ശിവശങ്കര്‍ ഇന്നു ഹാജരായത്. 

സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്നയുടെ ലോക്കര്‍ ഇഡി കണ്ടുകെട്ടിയിരുന്നു. ഇതിലുള്ള ഒരു കോടിയോളമുള്ള തുക ശിവശങ്കറിന്റെതാണെന്ന് മുന്‍പ് ഇഡി വ്യക്തമാക്കിയിരുന്നു. ലൈഫ് മിഷന്‍ ഇടപാടിലാണോ അതോ സ്വര്‍ണ്ണക്കടത്ത് കേസിലുള്ള പണമാണോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ലൈഫ് മിഷനില്‍ കമ്മീഷനായി വന്ന തുകയാണ് ഇതെന്നാണ് സ്വപ്ന മൊഴി നല്‍കിയതെങ്കിലും ഇത് സ്വര്‍ണ്ണക്കടത്ത് കേസിലെ പണമാണ് എന്നാണ് മുന്‍പ് ഇഡി വ്യക്തമാക്കിയത്. 

ലോക്കറിന്റെ കാര്യത്തില്‍ ശിവശങ്കറിന് എതിരെ ശക്തമായ മൊഴിയുമുണ്ട്. അദ്ദേഹത്തിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലന്‍ അയ്യര്‍ എന്‍ഫോഴ്സ്മെന്റിന് നല്‍കിയ മൊഴിയാണിത്.   സ്വപ്നയുമായി ചേര്‍ന്ന് ബാങ്ക് ലോക്കര്‍ ആരംഭിക്കണമെന്ന് ശിവശങ്കര്‍ ആവശ്യപ്പെട്ടെന്നാണ് വേണുഗോപാലന്‍ അയ്യര്‍ മൊഴി നല്‍കിയത്. ഇത് ശിവശങ്കറിന് എതിരെയുള്ള ശക്തമായ മൊഴിയായി മാറിയിരുന്നു. 

കേസില്‍ സരിത്തിനേയും സന്ദീപിനേയും ഇ.ഡി. ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ശിവശങ്കറിന് നോട്ടീസ് നല്‍കിയത്. യുണിടാക്കിന് ലൈഫ് മിഷന്‍ കരാര്‍ ലഭിക്കാന്‍ ശിവശങ്കര്‍ ഇടപെട്ടുവെന്നാണ് സ്വപ്‌നയുള്‍പ്പെടെയുള്ളവര്‍ നല്‍കിയ മൊഴി. എന്‍ഐഎയില്‍ ശിവശങ്കറിന് സ്വാധീനമുണ്ടെന്നും കാലിന്മേല്‍ കാല്‍ കയറ്റിയാണ് അദ്ദേഹം ചോദ്യം ചെയ്യല്‍ സമയത്ത് ഇരുന്നത് എന്ന് സ്വപ്ന പിന്നീട് വെളിപ്പെടുത്തിയിരുന്നു. സ്വര്‍ണ്ണക്കടത്തിലും ലൈഫ് മിഷന്‍ അഴിമതിയിലുമെല്ലാം ശിവശങ്കറിന് മുഖ്യ പങ്കുണ്ട്. 

ഇഡിയുടെ ചോദ്യം ചെയ്യലാണ് ശിവശങ്കറില്‍ ഭയം ജനിപ്പിക്കുന്നതെന്നും സ്വപ്ന വെളിപ്പെടുത്തിയിരുന്നു. അതുകൊണ്ട് തന്നെ ശിവശങ്കറിനെ സംബന്ധിച്ച്  ഇന്നുള്ള ചോദ്യം ചെയ്യല്‍ നിര്‍ണ്ണായകമാണ്. മുന്‍പുള്ള ചോദ്യം ചെയ്യല്‍ സമയത്ത് അദ്ദേഹം  സര്‍ക്കാരിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്ന നിര്‍ണ്ണായക പോസ്റ്റിലായിരുന്നു. പക്ഷെ ഇപ്പോള്‍ ശിവശങ്കര്‍ സര്‍വീസില്‍ നിന്നും വിരമിച്ചിരിക്കുന്നു. അതുകൊണ്ട് തന്നെ  മുന്‍പ് ലഭിച്ച പരിഗണന പോലും ലഭിച്ചെന്നും വരില്ല.  

Share this story