ശനിയാഴ്ചകൾ പ്രവൃത്തി ദിനമാക്കി വിദ്യാഭ്യാസ വകുപ്പ്; എതിർപ്പുമായി അധ്യാപക സംഘടനകൾ

sivankutty

ശനിയാഴ്ചകൾ പ്രവൃത്തിദിനമാക്കി വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച കലണ്ടറിനെതിരെ അധ്യാപക സംഘടനകൾ. വിദ്യാഭ്യാസ മന്ത്രി ഏകപക്ഷീയമായി കാര്യങ്ങൾ നടപ്പാക്കുകയാണെന്ന് കെഎസ്ടിയു ആരോപിച്ചു. 2025 മാർച്ച് വരെയുള്ള 30 ശനിയാഴ്ചകളിൽ 25 എണ്ണവും പ്രവർത്തി ദിനമാക്കിയാണ് അക്കാദമിക് കലണ്ടർ പ്രസിദ്ധീകരിച്ചത്

ഇത് കുട്ടികൾക്കും അധ്യാപകർക്കും ഒരുപോലെ പ്രയാസം സൃഷ്ടിക്കുന്നതാണെന്നും യോഗങ്ങളിൽ എതിർപ്പ് അറിയിച്ചിട്ടും മുന്നറിയിപ്പില്ലാതെ മന്ത്രി ഏകാധിപതിയെ പോലെ പെരുമാറുകയാണെന്ന് കെഎസ്ടിയു സംസ്ഥാന വൈസ് പ്രസിഡന്റ് റഹീം കുണ്ടൂർ ആരോപിച്ചു. 

പുതിയ വിദ്യാഭ്യാസ കലണ്ടർ പ്രകാരം ആറ് ശനിയാഴ്ചകളിൽ അധ്യാപകർക്ക് ക്ലസ്റ്റർ പരിശീലനം നൽകാനും നിർദേശമുണ്ട്. എന്നാൽ ഈ ദിവസങ്ങളിൽ കുട്ടികളെ ആര് പഠിപ്പിക്കുമെന്നതിലും വ്യക്തതയില്ലെന്നും അധ്യാപക സംഘടന പറയുന്നു. അതേസമയം 220 അധ്യയന ദിവസങ്ങൾ നിശ്ചയിക്കണമെന്ന ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് പുതിയ കലണ്ടർ എന്നാണ് വിദ്യാഭ്യാസ വകുപ്പ് പറയുന്നത്.
 

Share this story