ബ്രഹ്മപുരത്തെ തീയണക്കാനുള്ള ശ്രമം തുടരുന്നു; നഗരത്തിൽ പുകയ്ക്ക് ശമനം
Sun, 5 Mar 2023

കൊച്ചി ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ കെടുത്താനുള്ള ശ്രമങ്ങൾ തുടരുന്നു. രാവിലെ കൊച്ചിയിലെ മാലിന്യപ്പുകയ്ക്ക് കുറവുണ്ട്. പാലാരിവട്ടം, കലൂർ, വൈറ്റില മേഖലകളിൽ അന്തരീക്ഷത്തിൽ നിന്ന് പുക നീങ്ങി. ശനിയാഴ്ച വൈകി നഗരത്തിന്റെ പല മേഖലകളിലും രൂക്ഷമായ പുക ഉയർന്ന സ്ഥിതിയായിരുന്നു.
പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്നടക്കമുള്ള പുകയാണ് നഗരത്തിൽ വ്യാപിച്ചത്. നഗരവാസികൾക്ക് ജില്ലാ ഭരണകൂടം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. വൈറ്റില കൂടാതെ പാലാരിവട്ടം, കലൂർ, ഇടപ്പള്ളി തുടങ്ങി നഗരത്തിന്റെ പല പ്രദേശങ്ങളിലും ഇന്നലെ രാത്രിയോടെ പുക മൂടിയിരുന്നു
മുതിർന്നവരും കുട്ടികളും ശ്വസനസംബന്ധമായ പ്രശ്‌നങ്ങൾ ഉള്ളവരും അതീവ കരുതലെടുക്കണമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മാസ്‌ക് ധരിച്ചാണ് ആളുകൾ പുറത്തിറങ്ങുന്നത്.