കുടുംബ ബജറ്റ് തകർത്ത് മുട്ടവില കുതിച്ചുയരുന്നു; ചില്ലറ വിപണിയിൽ സാധാരണ മുട്ടയ്ക്ക് 9 രൂപ വരെ

മുട്ട

തിരുവനന്തപുരം: സംസ്ഥാനത്ത് സാധാരണക്കാരുടെ ഭക്ഷണക്രമത്തിലെ പ്രധാന വിഭവമായ മുട്ടയുടെ വില കുതിച്ചുയരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ കോഴി, താറാവ് മുട്ടകളുടെ വിലയിലുണ്ടായ അനിയന്ത്രിതമായ വർധനവ് കുടുംബ ബജറ്റുകളെ താറുമാറാക്കുന്ന രീതിയിലാണ് മുന്നോട്ട് പോകുന്നത്.

​ചില്ലറ വിപണിയിൽ സാധാരണ മുട്ടയുടെ വില 8.5 മുതൽ 9 രൂപ വരെ എത്തിനിൽക്കുകയാണ്. അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന മുട്ടകൾക്ക് പോലും വിപണിയിൽ കനത്ത വിലയാണ് ഈടാക്കുന്നത്. ഇതോടെ തട്ടുകടകളിലും ഹോട്ടലുകളിലും മുട്ട വിഭവങ്ങൾക്ക് വില വർദ്ധിപ്പിക്കാൻ ഉടമകൾ നിർബന്ധിതരായിരിക്കുകയാണ്.

താറാവ്, നാടൻ മുട്ടകൾക്കും പൊള്ളുന്ന വില

​സാധാരണ മുട്ടയ്ക്ക് പുറമെ നാടൻ മുട്ടകൾക്കും താറാവുമുട്ടകൾക്കും വില കുത്തനെ കൂടിയിട്ടുണ്ട്.

താറാവുമുട്ട: 6 മാസം മുമ്പ് വരെ 11 രൂപയുണ്ടായിരുന്ന താറാവുമുട്ടയ്ക്ക് ഇപ്പോൾ വിപണിയിൽ 15 രൂപയാണ് വില.

നാടൻ കോഴിമുട്ട: മുൻപ് 7 രൂപയായിരുന്ന നാടൻ മുട്ടയുടെ വില ഇപ്പോൾ 10 രൂപയിലെത്തി നിൽക്കുന്നു.

പ്രതിസന്ധിയിലായി കർഷകർ

​കോഴിത്തീറ്റയുടെ വിലവർദ്ധനവും പാടശേഖരങ്ങളിൽ നിന്നുള്ള സ്വാഭാവിക തീറ്റയുടെ കുറവുമാണ് കർഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. തീറ്റക്ഷാമം കാരണം മുട്ടകളുടെ തൂക്കത്തിലും വലിയ കുറവുണ്ടായിട്ടുണ്ട്. മുൻപ് 68 മുതൽ 70 ഗ്രാം വരെ തൂക്കമുണ്ടായിരുന്ന താറാവുമുട്ടകൾക്ക് ഇപ്പോൾ 48 മുതൽ 50 ഗ്രാം വരെ മാത്രമാണ് തൂക്കമുള്ളത്.

​കഴിഞ്ഞ ഒന്നര മാസത്തിനിടെ കോഴിത്തീറ്റയ്ക്ക് ചാക്കിന് 500 രൂപയിലധികമാണ് വർദ്ധിച്ചത്. കൂടാതെ 25 രൂപയുണ്ടായിരുന്ന കോഴിക്കുഞ്ഞിന്റെ വില 45 രൂപയായി ഉയരുകയും ചെയ്തു. ഇതോടെ ഉൽപ്പാദനച്ചെലവ് താങ്ങാനാവാതെ പലരും ഫാമുകൾ പൂട്ടുന്ന അവസ്ഥയിലാണ്.

കർഷക സംഘടനകളുടെ ആവശ്യം

​പ്രതിസന്ധിയിലായ കോഴിവളർത്തൽ മേഖലയെ തകർച്ചയിൽ നിന്ന് രക്ഷിക്കാൻ അടിയന്തര ഇടപെടൽ വേണമെന്ന് ഓൾ കേരള പൗൾട്രി ഫെഡറേഷൻ ആവശ്യപ്പെട്ടു. ഈ മേഖലയെ കാർഷിക പരിധിയിൽ ഉൾപ്പെടുത്തി സംരക്ഷിക്കണമെന്നും, മൃഗസംരക്ഷണ വകുപ്പിന് കീഴിൽ നേരിട്ട് ലൈസൻസ് നൽകാനുള്ള നടപടികൾ സ്വീകരിക്കണമെന്നുമാണ് കർഷകരുടെ പ്രധാന ആവശ്യം. ഉൽപ്പാദനച്ചെലവ് ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ കോഴിയിറച്ചി വിലയും വർദ്ധിപ്പിക്കേണ്ടി വരുമെന്ന് കർഷകർ മുന്നറിയിപ്പ് നൽകുന്നു. 

Tags

Share this story