എലത്തൂർ ട്രെയിൻ ആക്രമണക്കേസ് എൻഐഎക്ക് കൈമാറിയേക്കും; ഡിജിപി മുഖ്യമന്ത്രിയെ കാണും
Apr 10, 2023, 11:58 IST

എലത്തൂർ ട്രെയിൻ തീവെപ്പുമായി ബന്ധപ്പെട്ട കേസ് എൻഐഎക്ക് കൈമാറിയേക്കുമെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട് ഡിജിപി അനിൽ കാന്ത് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയിൽ കേസിന്റെ തുടരന്വേഷണം സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്. കേസിൽ യുഎപിഎ ചുമത്തുകയോ അല്ലെങ്കിൽ സംസ്ഥാന സർക്കാർ ആവശ്യപ്പെടുകയോ ചെയ്താൽ അന്വേഷണം എൻഐഎക്ക് ഏറ്റെടുക്കാം
ആക്രമണത്തിൽ തീവ്രവാദ ബന്ധം തള്ളിക്കളയാനാകില്ലെന്നും സമഗ്ര അന്വേഷണം വേണമെന്നും എൻഐഎ നേരത്തെ വ്യക്തമാക്കിയിരുന്നു. കേന്ദ്രത്തിന് നൽകിയ പ്രാഥമികാന്വേഷണ റിപ്പോർട്ടിലാണ് എൻഐഎ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി വിശദമായ ചർച്ച നടത്തിയ ശേഷം അന്വേഷണം എൻഐഎ ഏറ്റെടുത്തേക്കുമെന്നും റിപ്പോർട്ടുകളുണ്ട്