എലത്തൂർ ട്രെയിൻ തീവെപ്പ്: ഷാരുഖ് സെയ്ഫിയെ തെളിവെടുപ്പിനായി ഇന്ന് ഷൊർണൂരിലെത്തിക്കും
Apr 13, 2023, 08:48 IST

എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിൽ പ്രതി ഷാരൂഖ് സെയ്ഫിയുമായി അന്വേഷണസംഘം ഇന്ന് വീണ്ടും തെളിവെടുപ്പ് നടത്തും. ഷൊർണ്ണൂരിലായിരിക്കും ആദ്യ തെളിവെടുപ്പ്. എലത്തൂരിലും ഷൊർണൂരിലുമാണ് ഇനി തെളിവെടുപ്പ് നടക്കേണ്ടത്. ആക്രമണം നടന്ന ഡി1, ഡി2 കോച്ചുകളിൽ പ്രതിയുമായി ഇന്നലെ തെളിവെടുപ്പ് നടത്തിയിരുന്നു.
ട്രെയിനിൽ ആക്രമണം നടത്തിയ എലത്തൂരിലും ഷാരൂഖ് സെയ്ഫി പെട്രോൾ വാങ്ങുകയും 14 മണിക്കൂറോളം തങ്ങുകയും ചെയ്ത ഷൊർണൂരിലും എത്തിച്ചാണ് ഇനി തെളിവെടുപ്പ് നടത്തേണ്ടത്. ഇന്ന് തന്നെ കേരളത്തിലെ തെളിവെടുപ്പ് പൂർത്തിയാക്കാനാണ് അന്വേഷണ സംഘം ലക്ഷ്യമിടുന്നത്. അതോടൊപ്പം പ്രതി ഷൊർണൂരിലേക്ക് എത്തിയ സമ്പർക്രാന്തി ട്രെയിൻ കടന്നുപോയ ചില സ്റ്റേഷനുകളിലെ സി.സി.ടി.വി ദൃശ്യങ്ങൾ അന്വേഷണസംഘം ശേഖരിച്ചിരുന്നു. ഇത് വിശദമായി പരിശോധിച്ച് വരികയാണ്.