എലത്തൂർ ട്രെയിൻ തീവയ്പ്പ്; ബുലന്ദ്ശഹറിൽ നിന്ന് ഒരാളെ കസ്റ്റഡിയിലെടുത്തെന്ന് ഭീകരവിരുദ്ധ സ്‌ക്വാഡ്

Elathore

എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിൽ പ്രതിയെന്ന് സംശയിക്കുന്ന ആൾ കസ്റ്റഡിയിലെന്ന് സൂചന. ബുലന്ദ്ശഹറിൽ നിന്ന് ഉത്തരപ്രദേശ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡാണ് പിടികൂടിയത്. സീറ്റ് തർക്കത്തെ തുടർന്ന് രാസവസ്തു നിറച്ച കുപ്പി യാത്രക്കാർക്ക് നേരെ എറിഞ്ഞെന്നാണ് വിവരം. നിലവിൽ കസ്റ്റഡിയിലായ വ്യക്തി മരപ്പണിക്കാരനാണെന്ന സൂചനയും പുറത്തുവരുന്നുണ്ട്.

കഴിഞ്ഞ ദിവസം പൊലീസ് പുറത്തുവിട്ട രേഖാചിത്രത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. പൊലീസ് സംശയിക്കുന്നയാള്‍ യുപിയിലെ ബസായി എന്ന സ്ഥലത്തായിരുന്നു ജോലി ചെയ്തിരുന്നത്. ഇയാള്‍ മൂന്ന് ദിവസത്തിന് ശേഷമാണ് ഇവിടെ എത്തൂ എന്ന് കൂടെ ജോലി ചെയ്യുന്നയാള്‍ പറഞ്ഞു.

അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്നതിനിടയിലാണ് ഉത്തര്‍പ്രദേശില്‍ നിന്ന് പ്രതി കസ്റ്റഡിയിലായെന്ന വിവരം വരുന്നത്. ഹരിയാന, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലെ വിവിധ ഇടങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടന്നുവരികയാണ്.
കേരള പൊലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റ് സംസ്ഥാനങ്ങളിലേക്ക് പ്രതിക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയത്. നോയിഡയിലെ ചില ജിമ്മുകളില്‍ അടക്കമെത്തി ഉത്തര്‍പ്രദേശ് പൊലീസ് വിവരം തേടിയിരുന്നു

കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ സംസ്ഥാന പൊലീസ് മേധാവി നിയോഗിച്ചിരുന്നു. മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി പി.വിക്രമൻ ആണ് സംഘത്തലവൻ. 18 അംഗങ്ങളാണ് സംഘത്തിലുള്ളത്. ഭീകരവിരുദ്ധ സേന ഡിവൈഎസ്പി ബൈജു പൗലോസ്, കോഴിക്കോട് ടൗൺ അസിസ്റ്റന്റ് കമ്മീഷണർ പി.ബിജുരാജ്, താനൂർ ഡിവൈഎസ്പി വി.വി.ബെന്നി എന്നിവർ അംഗങ്ങളാണ്. കൂടാതെ വിവിധ സ്റ്റേഷനുകളിലെ ഇൻസ്പെക്ടർമാർ, സബ് ഇൻസ്പെക്ടർമാർ എന്നിവരും മറ്റ് പൊലീസ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. ക്രമസമാധാനവിഭാഗം എ.ഡി.ജി.പി.യുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് അന്വേഷണം.

Share this story