ബിജെപിയിൽ തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ് വിവാദം; ഓഫീസ് സിസിടിവി കാണാതായി, നേതാക്കൾ ലോൺ തിരിച്ചടച്ചു: സംസ്ഥാന അധ്യക്ഷന് മുന്നിൽ പരാതി പ്രളയം
തിരുവനന്തപുരം: ബിജെപിയിലെ തെരഞ്ഞെടുപ്പ് ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് മുന്നിൽ പരാതികളുടെ പ്രളയമെന്ന് വിവരം. തിരുവനന്തപുരത്തിന് പുറമെ കോഴിക്കോട്, തൃശ്ശൂർ, എറണാകുളം തുടങ്ങിയ വിവിധ ജില്ലകളിൽ നിന്നാണ് ഗുരുതരമായ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി സംസ്ഥാന നേതൃത്വത്തിന് പരാതികൾ ലഭിച്ചിരിക്കുന്നത്. ഫണ്ട് വിവാദത്തിൽ പാർട്ടിയിൽ ഉടൻ തന്നെ ആഭ്യന്തര അന്വേഷണം ഉണ്ടായേക്കുമെന്നാണ് സൂചന.
തൃശ്ശൂരിൽ തെരഞ്ഞെടുപ്പ് ഫണ്ട് കൈകാര്യം ചെയ്ത ഓഫീസിലെ സിസിടിവി ദൃശ്യങ്ങൾ കാണാതായതാണ് പ്രധാന പരാതികളിലൊന്ന്. ഇതിന് പുറമെ, പാർട്ടി ഫണ്ട് തട്ടിയെടുത്ത് ചില നേതാക്കൾ തങ്ങളുടെ വ്യക്തിപരമായ ലോണുകൾ തിരിച്ചടച്ചതായും ആരോപണമുയർന്നിട്ടുണ്ട്. ബിജെപി ഭരണത്തിലുള്ള സഹകരണ ബാങ്കുകളിലടക്കം വലിയ തുക വായ്പയുണ്ടായിരുന്ന ചില നേതാക്കൾ തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ ഇത് ഒറ്റത്തവണയായി അടച്ചുതീർത്തതായാണ് ലഭിക്കുന്ന വിവരം.
വിവിധ ജില്ലകളിൽ നിന്നായി പുറത്തുവരുന്ന മറ്റ് പ്രധാന ആരോപണങ്ങൾ ഇവയാണ്:
കോഴിക്കോട്: ന്യൂനപക്ഷ വോട്ട് പിടിക്കുന്നതിനായി 2 കോടി രൂപ വാങ്ങിയെന്നാണ് പ്രധാന ആക്ഷേപം. ഈ പണം തിരിച്ചടയ്ക്കാൻ സ്ഥാനാർത്ഥിക്കും മണ്ഡലം ഭാരവാഹിക്കും നിർദ്ദേശം നൽകിയതായാണ് വിവരം.
എറണാകുളം: എറണാകുളം ജില്ലയിൽ മത്സരിച്ച പ്രമുഖ താര സ്ഥാനാർത്ഥികൾക്ക് ഓഫർ ചെയ്ത തുക നൽകിയില്ലെന്നും അവർക്കായി അനുവദിച്ച കോടികൾ ചിലവഴിച്ചില്ലെന്നും കാട്ടി സ്ഥാനാർത്ഥികളായ താരങ്ങൾ തന്നെ പരാതി നൽകിയിട്ടുണ്ട്.
വ്യാജ ബില്ലുകളും ആഡംബരവും: പ്രധാനമന്ത്രിയുടെ സന്ദർശന സമയത്ത് പ്ലക്കാർഡുകൾ വാങ്ങിയതിലും, വാഹനങ്ങൾ വാടകയ്‌ക്കെടുത്തതിലും വ്യാപക ക്രമക്കേട് നടന്നതായി പരാതിയുണ്ട്. 3.25 ലക്ഷം രൂപയ്ക്ക് കൊടി വാങ്ങിയെന്ന് കാട്ടി വ്യാജ ബില്ല് സമർപ്പിച്ചതിൽ വട്ടിയൂർക്കാവ് മണ്ഡലം ചുമതലക്കാരനെതിരെ ആരോപണം ഉയർന്നിരുന്നു. കൂടാതെ ദേശീയ നേതാക്കൾ എത്തിയപ്പോൾ ആഡംബര ഹോട്ടലുകളിലെ റൂം വാടക രണ്ടും മൂന്നും ഇരട്ടിയായി കാണിച്ച് പണം തട്ടിയതായും, ഹെലികോപ്റ്റർ വാടകയ്‌ക്കെടുത്തതിൽ യാത്രാ സമയം കൂട്ടിക്കാണിച്ച് ലക്ഷങ്ങൾ തട്ടിപ്പ് നടത്തിയതായും പരാതികളിൽ പറയുന്നു.
സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനോട് അടുപ്പമുള്ള ഭാരവാഹികളാണ് ഈ വിഷയത്തിൽ പ്രതിക്കൂട്ടിലായിരിക്കുന്നത് എന്നാണ് വിവരം. മണ്ഡല തലത്തിൽ വിശദമായ പരിശോധന നടത്തി കുറ്റക്കാരായ നേതാക്കൾക്കെതിരെ ഉടൻ തന്നെ കർശന നടപടി സ്വീകരിക്കാനാണ് സാധ്യത
