ഇപി-രാജീവ് ചന്ദ്രശേഖർ ബിസിനസ് ബന്ധം: ആരോപണം തെറ്റെങ്കിൽ കേസെടുക്കൂവെന്ന് സതീശൻ

satheeshan

എൽഡിഎഫ് കൺവീനർ ഇപി ജയരാജനും കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറും തമ്മിൽ ബിസിനസ് ബന്ധമുണ്ടെന്നും സംസ്ഥാനത്ത് സിപിഎം-ബിജെപി കൂട്ട്‌കെട്ടുണ്ടെന്നും ആരോപണം ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ആരോപണം തെറ്റാണെങ്കിൽ കേസെടുക്കാനും സതീശൻ വെല്ലുവിളിച്ചു. സതീശൻ തെളിവ് പുറത്തുവിട്ടാൽ ഇപി പ്രതികരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വിഷയത്തിൽ പ്രതികരിച്ചിരുന്നു

പരസ്പരം ഒരിക്കലും കണ്ടിട്ടില്ലെന്നായിരുന്നു വിവാദത്തോട് ഇപി ജയരാജനും രാജീവ് ചന്ദ്രശേഖരനും ഇന്നലെ പ്രതികരിച്ചത്. എന്നാൽ ബിസിനസ് ബന്ധം സിപിഎം-ബിജെപി ബന്ധമായി മാറിയെന്ന് സതീശൻ ആരോപിക്കുന്നു. മത്സരം എൽഡിഎഫും ബിജെപിയും തമ്മിലാണെന്ന ഇപി ജയരാജന്റെ പരാമർശം ഈ ഡീലിന്റെ ഭാഗമാണെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.

കെ സുരേന്ദ്രനോ ബിജെപിക്കാരോ പറയാത്തതാണ് ജയരാജൻ പറഞ്ഞത്. കേന്ദ്രത്തിലെ ബിജെപിയിലെ സന്തോഷിപ്പിക്കാൻ പിണറായി വിജയനാണ് ഈ പാവത്തിനെ കൊണ്ട് ഇതെല്ലാം പറയിപ്പിക്കുന്നത്. തൃശ്ശൂരിൽ യുഡിഎഫ് സ്ഥാനാർഥി വിജയിക്കും. ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും സതീശൻ പറഞ്ഞു


 

Share this story