ഒടുവിൽ നടപടി; ഗൺമാർ മർദന കേസിൽ എഡിജിപി എം.ആർ. അജിത് കുമാറിന് സസ്പെൻഷൻ: ഡിജിപി പ്രമോഷൻ തടയും

MR അജിത്ത്

തിരുവനന്തപുരം: ഒടുവിൽ ഗൺമാർ മർദന കേസ് അട്ടിമറിക്കാൻ ശ്രമിച്ച സംഭവത്തിൽ എഡിജിപി എം.ആർ. അജിത് കുമാറിനെതിരെ സർക്കാരിൻ്റെ ശക്തമായ നടപടി. കേസിൽ എഡിജിപിയെ സസ്പെൻഡ് ചെയ്യാൻ സർക്കാർ തീരുമാനിച്ചു. ഇതോടെ അദ്ദേഹത്തിന് ലഭിക്കേണ്ടിയിരുന്ന ഡിജിപി സ്ഥാനക്കയറ്റവും തടയും.

​കേസന്വേഷണം നടത്തിയ പ്രത്യേക അന്വേഷണ സംഘം (SIT) തയാറാക്കിയ നിർണായക റിപ്പോർട്ട് സംസ്ഥാന പോലീസ് മേധാവി (DGP) റാവുഡ ചന്ദ്രശേഖറിന് കൈമാറിയിരുന്നു. തുടർന്ന് ഡിജിപി ഈ റിപ്പോർട്ട് തുടർനടപടികൾക്കായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കൈമാറി. റിപ്പോർട്ടിലെ കണ്ടെത്തലുകൾ പരിശോധിച്ച ശേഷമാണ് എഡിജിപിക്കെതിരെ സസ്പെൻഷൻ നടപടിയുമായി മുന്നോട്ടുപോകാൻ സർക്കാർ തീരുമാനിച്ചത്.

​മുൻ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർ (ഗൺമാന്മാർ) പ്രതിഷേധക്കാർക്ക് നേരെ നടത്തിയ മർദനവുമായി ബന്ധപ്പെട്ട കേസിൽ എഡിജിപിയുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയും ഇടപെടലുകളും ഉണ്ടായെന്നാണ് എസ്.ഐ.ടി കണ്ടെത്തൽ. കേസ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന ആരോപണം ശരിവെക്കുന്ന തെളിവുകൾ റിപ്പോർട്ടിലുണ്ടെന്നാണ് വിവരം.

​റിപ്പോർട്ട് ആഭ്യന്തര വകുപ്പിൻ്റെ പരിഗണനയ്ക്ക് എത്തിയതോടെയാണ് ഐപിഎസ് തലപ്പത്ത് വലിയ ചലനങ്ങൾ സൃഷ്ടിച്ചുകൊണ്ട് അജിത് കുമാറിനെ സസ്പെൻഡ് ചെയ്യാനും പ്രമോഷൻ തടയാനുമുള്ള അന്തിമ തീരുമാനത്തിലേക്ക് സർക്കാർ എത്തിയത്.

Tags

Share this story