ഓരോ യാത്രയും മനുഷ്യന്റെ നിസ്സാരത ബോധ്യപ്പെടുത്തുന്നു: ശിഹാബുദ്ധീൻ പൊയ്ത്തുംകടവ്

Salahu
മാധ്യമപ്രവർത്തകൻ മനു റഹ്മാന്റെ  ‘ശൈത്യം പുണരുന്ന ലഡാക്ക് മരുഭൂമിഎന്ന യാത്രാവിവരണ ഗ്രന്ഥം  ഡോ. ആര്യ ഗോപിക്ക് നൽകി ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് പ്രകാശനം ചെയ്യുന്നു

കോഴിക്കോട്: മനുഷ്യൻ എന്ന ജീവിയുടെ നിസ്സാരത ബോധ്യപ്പെടുത്തുന്നതാണ് അവൻ നടത്തുന്ന ഓരോ യാത്രകളുമെന്ന് പ്രശസ്ത എഴുത്തുകാരൻ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്. യാത്രയിൽ നമ്മുടെ കാഴ്ചാപഥത്തിലെത്തുന്ന മരുഭൂമി പോലും അടുത്തറിയുമ്പോൾ മനുഷ്യ ജീവിതത്തിന്റെയും ജീവജാലങ്ങളുടെയും വേറിട്ട ലോകമായി അനുഭവ ബോധ്യമാവുമെന്നും അദ്ദേഹം പറഞ്ഞു.  മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ മനു റഹ് മാന്റെ  ‘ശൈത്യം പുണരുന്ന ലഡാക്ക് മരുഭൂമി’ എന്ന യാത്രാവിവരണ ഗ്രന്ഥം  കാലിക്കറ്റ് പ്രസ് ക്ലബ്ബിൽ പ്രകാശനം ചെയ്തശേഷം സംസാരിക്കുകയായിരുന്നു. എസ് കെ പൊറ്റക്കാട്ട് പൊറ്റക്കാട്ടിന്റെ യാത്രാവിവരണങ്ങൾ മലയാളിയുടെ ലോക സങ്കല്പത്തെ വിശാലമാക്കിയതായും അദ്ദേഹത്തിന്റെ യാത്രാവിവരണങ്ങൾ സംഭവിക്കുന്നത് വരെ പുറംലോകത്തെ കുറിച്ച് കൂടുതൽ അറിവുകളെന്നുമില്ലാത്ത തളംകെട്ടിയ പോലുള്ള ഒരു ജീവിതമായിരുന്നു മലയാളി നയിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

മറ്റേതൊരു നാടിനെയും അറിയുന്നതിനൊപ്പം നമ്മളിലേക്ക് തന്നെയുള്ള ഒരു അന്വേഷണം കൂടിയാണ് ഓരോ യാത്രകളുമെന്ന് കവിയും ഗുരുവായൂരപ്പൻ കോളേജ് അസോസിയേറ്റ് പ്രൊഫസറും ഇംഗ്ലീഷ് വിഭാഗം മേധാവിയുമായ  ഡോ. ആര്യ ഗോപി അഭിപ്രായപ്പെട്ടു. പുസ്തകം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അവർ. കേവലം കാഴ്ചകൾ കാണാനും സന്ദർശിച്ച സ്ഥലങ്ങളുടെ എണ്ണം പറയാനും മാത്രമായി യാത്രകൾ ചുരുങ്ങുന്ന ഇക്കാലത്ത്, യഥാർത്ഥ യാത്ര എന്താണെന്ന് ഈ പുസ്തകം കാട്ടിത്തരുന്നുണ്ടെന്ന് അവർ പറഞ്ഞു.  യാത്രാവിവരണങ്ങൾ എഡിറ്റ് ചെയ്യപ്പെട്ട കഥകളല്ല, മറിച്ച് ഓരോ നിമിഷവും യാത്രികൻ നേരിട്ട് ജീവിച്ചറിഞ്ഞ അനുഭവങ്ങളാണെന്നും യാത്രയുടെ യഥാർത്ഥ ആഴവും തീവ്രതയും വായനക്കാർക്കായി ഈ പുസ്തകം അടയാളപ്പെടുത്തുന്നുണ്ടെന്നും ആര്യ ഗോപി വ്യക്തമാക്കി.
 

കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡന്റ് ഇ.പി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ മധുശങ്കർ മീനാക്ഷി പുസ്തക പരിചയം നടത്തി. എഴുത്തുകാരി ജാനമ്മ കുഞ്ഞുണ്ണി,

ആകാശവാണി കോഴിക്കോട് എഡിറ്റോറിയൽ എക്സിക്യൂട്ടീവ് വി.കെ. സുരേഷ്, കരിയർ ഗൈഡും കോളമിസ്റ്റുമായ പി.കെ. അൻവർ മുട്ടാഞ്ചേരി, എഴുത്തുകാരൻ പ്രശോഭ് സാകല്യം, ഫഹീം ബറാമി സംസാരിച്ചു. 
ഗ്രന്ഥകാരൻ മനു റഹ്‌മാൻ മറുമൊഴി നടത്തി.

Tags

Share this story