പരീക്ഷ ക്രമക്കേട്; ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാൻ കഴിയില്ല; ഐജിക്ക് കത്ത് നൽകി പി.എസ്.സി
തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേടിൽ ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യാനുള്ള നീക്കത്തിൽ അതൃപ്‌തിയുമായി പിഎസ്‍സി അംഗങ്ങൾ. ചോദ്യം ചെയ്യാലിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് പോകേണ്ടതില്ലെന്നാണ് പിഎസ്‍സി അംഗങ്ങളുടെ തീരുമാനം. ക്രൈംബ്രാഞ്ച് IGക്ക് PSC കത്ത് നൽകി. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാൻ കഴിയില്ല. 15 മുതൽ PSCയിൽ വച്ച് എപ്പോൾ വേണമെങ്കിലും മൊഴിരേഖപ്പെടുത്താം. PSC അംഗങ്ങളുടെ മുറിയിൽ വച്ച് മൊഴിയെടുക്കാമെന്നും കത്തിൽ അറിയിച്ചു.
പ്രോട്ടോക്കോൾ ചൂണ്ടിക്കാട്ടി പിഎസ്‍സി ചെയർമാനും അംഗങ്ങളും ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നൽകി. നോട്ടീസിൽ നിയമോപദേശം തേടാനും തീരുമാനം. എന്നാൽ, ചോദ്യചെയ്യൽ എവിടെ വേണമെന്ന് തീരുമാനിക്കാൻ അന്വേഷണ ഉദ്യോഗസ്ഥനാണ് അധികാരമെന്നാണ് നിയമവൃത്തങ്ങൾ അറിയിക്കുന്നത്. ഭരണഘടന സ്ഥാപനമെന്ന നിലയിൽ പിഎസ്‍സി അംഗങ്ങൾക്ക് ക്രിമിനൽ ചട്ടത്തിൽ പ്രത്യേക പരിരക്ഷയിലെന്നും നിയമവൃത്തങ്ങൾ അറിയിക്കുന്നു.
15 മുതൽ പിഎസ്‍സി അംഗങ്ങളുടെ മൊഴിയെടുക്കാനായിരുന്നു ക്രൈംബ്രാഞ്ചിന്റെ തീരുമാനം. അന്വേഷണസംഘത്തിലെ എസ് പി സഖറിയയയാണ് നോട്ടീസ് നൽകിയത്. അംഗങ്ങളെ ചോദ്യം ചെയ്ത ശേഷം ചെയർമാൻ എം ആര്‍ ബൈജുവിനെ ചോദ്യം ചെയ്യാനായിരുന്നു ക്രൈംബ്രാഞ്ചിന്റെ നീക്കം.ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേടിൽ രണ്ട് പിഎസ്‍സി ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തല്‍. ഡെപ്യൂട്ടി സെക്രട്ടറി പി സതീഷ്, അഡീഷണൽ സെക്രട്ടറി ആർ ഹരി എന്നിവർക്കാണ് വീഴച സംഭവിച്ചത്.
