സംസ്ഥാനത്തെ സ്‌കൂള്‍ പ്രവര്‍ത്തനത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങളില്‍ ഇളവ്

സംസ്ഥാനത്തെ സ്‌കൂള്‍ പ്രവര്‍ത്തനത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങളില്‍ ഇളവ്

തിരുവനന്തപുരം: കോവിഡ് രോഗ വ്യാപനത്തെ തുടർന്ന് അടച്ചിട്ട സ്കൂളുകൾ സംസ്ഥാനത്ത് തുറന്നിരിക്കുകയാണ്. ഇപ്പോഴിതാ സ്‌കൂള്‍ പ്രവര്‍ത്തനത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങളില്‍ കൂടുതൽ ഇളവ്. 10, 12 ക്ലാസുകളുടെ പ്രവര്‍ത്തനത്തിനാണ് ഇളവുകള്‍ വരുത്തിയത്. സ്‌കൂളുകള്‍ തുറന്ന ശേഷം ഇതുവരെയുള്ള പ്രവര്‍ത്തനം ഡിഡിഇ/ആര്‍ഡിഡി/എഡി എന്നിവരുമായി ചേര്‍ന്ന് അവലോകനം ചെയ്ത ശേഷം പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചത്.

ഒരു ബെഞ്ചില്‍ രണ്ട് വിദ്യാര്‍ഥികള്‍ക്ക് ഇരിക്കുന്നതിനു അനുമതി. വീട്ടില്‍ നിന്നും കൊണ്ടു വരുന്ന ഭക്ഷണവും വെള്ളവും കുട്ടികള്‍ അവരവരുടെ ഇരിപ്പിടത്തില്‍ വച്ചു തന്നെ കഴിക്കേണ്ടതും സാമൂഹിക അകലം പാലിച്ചു കൊണ്ടു കൈ കഴുകാന്‍ പോകേണ്ടതുമാണ്.

നൂറില്‍ താഴെ കുട്ടികളുള്ള സ്‌കൂളുകൾക്ക് എല്ലാം കുട്ടികളെയും ഒരേ സമയം വരാൻ അനുവാദം നൽകാം. എന്നാൽ കൊവിഡ് മാനദണ്ഡം പാലിച്ച്‌ ക്ലാസ് നടത്തേണ്ടതുമാണ്. നൂറിലേറെ കുട്ടികളുള്ള സ്‌കൂളുകളില്‍ ഒരേ സമയം പരമാവധി അന്‍പത് ശതമാനം പേര്‍ എത്തുന്ന രീതിയില്‍ കുട്ടികളെ ക്രമീകരിക്കാവുന്നതാണ്. രാവിലെയും ഉച്ചയുമായി വേണം ക്ലാസുകള്‍ ക്രമീകരിക്കാന്‍. കുട്ടികള്‍ക്ക് യാത്ര സംബന്ധമായ ബുദ്ധിമുട്ടുണ്ടെങ്കില്‍ രാവിലെ വരുന്ന കുട്ടികളെ വൈകിട്ട് വരെ ക്ലാസ് മുറിയില്‍ തുടരാന്‍ അനുവദിക്കാം.

ശനിയാഴ്ച ദിവസവും പ്രവൃത്തി ദിനമായതിനാല്‍ ആവശ്യമെങ്കില്‍ അന്നേ ദിവസം കുട്ടികളെ സംശയനിവാരണത്തിനും മറ്റുമായി പ്രധാനധ്യാപകന് വരുത്താവുന്നതാണ്. വര്‍ക്ക് ഫ്രം ഹോം ആനുകൂല്യം ലഭ്യമല്ലാത്ത എല്ലാ അധ്യാപകരും സ്‌കൂളുകളില്‍ ഹാജരാകേണ്ടതാണ്. അല്ലാത്ത പക്ഷം അവര്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കേണ്ടതാണെന്നും നിർദ്ദേശം.

Share this story