കൊല്ലം സിപിഐയിൽ വീണ്ടും പൊട്ടിത്തെറി; നൂറോളം പേർ പാർട്ടി വിട്ട് കോൺഗ്രസിലേക്ക്

കൊല്ലം സിപിഐയിൽ വീണ്ടും പൊട്ടിത്തെറി. നൂറോളം പേർ പാർട്ടി വിട്ട് കോൺഗ്രസിലേക്ക് പോകുന്നതായാണ് റിപ്പോർട്ട്. സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം അഡ്വ. കെ പ്രകാശ് ബാബുവിന്റെ വിശ്വസ്തൻ നാസർ അടക്കമാണ് പാർട്ടി വിടുന്നത്. കുന്നിക്കോട് മണ്ഡലം കമ്മിറ്റിക്ക് കീഴിലുള്ള നേതാക്കളും പ്രവർത്തകരുമാണ് പാർട്ടി വിടാൻ ഒരുങ്ങുന്നത്
സിപിഐ വിട്ട് എത്തുന്നവർക്ക് കോൺഗ്രസ് പ്രവർത്തക സമിതി അംഗം കൊടിക്കുന്നിൽ സുരേഷ് എംപിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകും. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തും പത്തനംതിട്ടയിലും സിപിഐയിൽ നിന്ന് കൂട്ടരാജി നടന്നിരുന്നു. തിരുവനന്തപുരം മീനാങ്കൽ പ്രദേശത്ത് നിന്ന് നൂറോളം പേരാണ് സിപിഐ വിട്ടത്
പത്തനംതിട്ട ചെന്നീർക്കരയിൽ സിപിഐ ലോക്കൽ സെക്രട്ടറി അടക്കം 16 പേർ രാജിവെച്ച് സിപിഎമ്മിൽ ചേർന്നു. കൊല്ലത്ത് നേരത്തെ കുണ്ടറയിലും കടയ്ക്കലിലും നിരവധി പേർ സിപിഐ വിട്ടിരുന്നു.