മുഖത്ത് അതീവ സമ്മര്‍ദ്ദം; മുഖ്യമന്ത്രി കൈവെടിയുമോ എന്ന പേടിയും, പദവിയുടെ ആനുകൂല്യവുമില്ല: ഭക്ഷണവും വെള്ളവും വേണ്ട; കസ്റ്റഡിയില്‍ ക്ഷീണിതനായി ശിവശങ്കര്‍

Shivashankar

ലൈഫ് മിഷന്‍ അഴിമതിയുമായി ബന്ധപ്പെട്ട്  എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലുള്ള മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ അതീവ സമ്മര്‍ദ്ദത്തില്‍. താങ്ങാന്‍ കഴിയാത്ത സമ്മര്‍ദ്ദത്തിലും ക്ഷീണത്തിലുമാണ്  ഇഡിയുടെ മുന്‍പില്‍ ചോദ്യം ചെയ്യലിനായി ശിവശങ്കര്‍ ഇരിക്കുന്നത്.  നേരാംവണ്ണം  ഒരു നേരം പോലും ഭക്ഷണം കഴിക്കാന്‍ ശിവശങ്കര്‍ തയ്യാറായിട്ടില്ല. ചൊവാഴ്ച അര്‍ദ്ധരാത്രി പതിനൊന്നേ മുക്കാലോടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇതാണ് ശിവശങ്കറിന്റെ അവസ്ഥ. ലൈഫ് മിഷൻ കോഴയിടപാടുകേസിൽ  ഒമ്പതാംപ്രതിയാണ്   ശിവശങ്കർ.  

പല പ്രശ്നങ്ങളാണ് ശിവശങ്കറിന് മുന്നിലുള്ളത്. പ്രധാനമായും അദ്ദേഹത്തിനെ അലട്ടുന്നത് രാഷ്ട്രീയ നേതൃത്വം, സിപിഎമ്മും  മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍  പഴയ പരിഗണന അദ്ദേഹത്തിനു നല്‍കുമോ എന്നതാണ്. തന്നെ മുഖ്യമന്ത്രി കൈവെടിയുമോ എന്ന ആശങ്കയും  അദ്ദേഹത്തിനുണ്ട്.

ലൈഫ് മിഷന്‍ അഴിമതി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തുറന്നു പറയേണ്ടി വരുമോ എന്ന ആശങ്കയും ശിവശങ്കറില്‍ പ്രകടമാണ്.   ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിനെ ഒപ്പം ഇരുത്തി ചോദ്യം ചെയ്യാനുള്ള ഇഡിയുടെ നീക്കം ശിവശങ്കറിനെ ഭയപ്പെടുത്തുന്നുണ്ട്. ഒരുമിച്ചിരുത്തി ചോദ്യം ചെയ്‌താല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താതിരിക്കാന്‍ അദ്ദേഹത്തിനു കഴിയുകയുമില്ല. ശിവശങ്കറിന്റെ സമ്മര്‍ദ്ദം കൂട്ടാന്‍ വേണ്ടിയാണ് ഇത്തരമൊരു നീക്കത്തിന് ഇഡി തയ്യാറാകുന്നതും. 

ശിവശങ്കര്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് ലോക്കര്‍ തുടങ്ങിയത് എന്ന് വേണുഗോപാല്‍ ഇഡിയ്ക്ക് മുന്‍പില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. പണം ശിവശങ്കറിന്റെതാണ് എന്നാണു സ്വപ്നയും പറഞ്ഞത്. എന്നാല്‍ ശിവശങ്കര്‍ ഈ കാര്യം നിഷേധിച്ചിട്ടുണ്ട്. ഒരുമിച്ചുള്ള ചോദ്യം ചെയ്യലില്‍ ഈ കാര്യം ഖണ്ഡിക്കുക ശിവശങ്കറിന് പ്രയാസവുമാകും. ലോക്കറിലെ ഒരു കോടിയ്ക്ക് അടുത്തുള്ള തുക ശിവശങ്കറിന്റെതാണ് എന്നാണ് ഇഡി കണ്ടെത്തിയിട്ടുള്ളതും.  ഇതും ശിവശങ്കറില്‍ സമ്മര്‍ദ്ദം കൂട്ടുന്നുണ്ട്. 

ഇഡിയുടെ ചോദ്യം ചെയ്യല്‍ താങ്ങാന്‍ അദ്ദേഹത്തിനു കഴിയുന്നില്ല. തുടർച്ചയായി 12 മണിക്കൂർ ചോദ്യം ചെയ്തെന്നു ശിവശങ്കർ കോടതിയില്‍ പരാതിപ്പെടുകയും ചെയ്തിരുന്നു. കസ്റ്റഡിയിൽ ചോദ്യം ചെയ്യുമ്പോൾ ഓരോ 2 മണിക്കൂർ കഴിഞ്ഞും ഇടവേള നൽകാൻ കോടതി നിർദേശിച്ചിട്ടുണ്ട്. എന്നാല്‍ .ഇതുവരെ  ഒരു കാര്യവും അദ്ദേഹം തുറന്നു പറഞ്ഞിട്ടില്ല. ചോദ്യം ചെയ്യലിനോട് നിസ്സഹകരണം പ്രഖ്യാപിക്കുകയാണ് ശിവശങ്കര്‍ ചെയ്യുന്നത്. മുന്‍പുള്ള ഔദ്യോഗിക പദവിയുടെ ഒരു ആനുകൂല്യവും അദ്ദേഹത്തിനു ലഭിക്കുന്നുമില്ല. ഇതിന്റെ അസ്വസ്ഥത അദ്ദേഹത്തിന്റെ മുഖത്ത് പ്രകടവുമാണ്. അഞ്ച് ദിവസമാണ് കോടതി അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ വിട്ടു നല്‍കിയിരിക്കുന്നത്. കാര്യകാരണം വ്യക്തമാക്കിയാല്‍ പത്ത് ദിവസം നല്‍കാമെന്നു കോടതി പറഞ്ഞിട്ടുമുണ്ട്.

2019 ജൂലായ് അഞ്ചിനാണ് യു.എ.ഇ. കോൺസുലേറ്റിന്റെ നയതന്ത്രചാനലിലൂടെ സ്വർണംകടത്തിയ സംഭവം പുറത്തുവരുന്നത്. ഈ സ്വർണം വിട്ടുകിട്ടാൻ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതൻ ശ്രമിച്ചെന്ന വിവാദവും പിന്നാലെ ഉയർന്നു. ഇതോടെ ശിവശങ്കര്‍ ആരോപണങ്ങളുടെ കുന്തമുനയിലായി.  ശിവശങ്കറിനെ സർവീസിൽനിന്ന് സസ്പെൻഡ്ചെയ്തു. ഒരു സിവിൽ സർവീസ് ഉദ്യോഗസ്ഥന് ചേരാത്തവിധത്തിൽ പെരുമാറിയെന്നതായിരുന്നു കുറ്റം. കസ്റ്റംസ്, എൻ.ഐ.എ., എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സി.ബി.ഐ. എന്നിങ്ങനെ കേന്ദ്ര ഏജൻസികൾ ശിവശങ്കറിനെ തേടിയെത്തി. 

പലഘട്ടമായി 111 മണിക്കൂറാണ് അദ്ദേഹത്തെ ചോദ്യംചെയ്തത്. ഒടുവിൽ 2020 ഒക്ടോബറിൽ അറസ്റ്റിലും പിന്നീട് ജയിലിലുമായി. 2021 ഫിബ്രവരിയിലാണ് പുറത്തിറങ്ങിയത്. 2022 ജനുവരി നാലിനാണ് അദ്ദേഹത്തിന്റെ സസ്പെൻഷൻ പിൻവലിക്കുന്നത്. 2023 ജനുവരി 31-ന് അദ്ദേഹം സർവീസിൽനിന്ന് പിരിഞ്ഞു. ഈ ദിവസം ഇഡി കാത്തിരിക്കുകയായിരുന്നു. ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ ചോദ്യം ചെയ്യാന്‍ അദ്ദേഹത്തിനു ചോദ്യം ചെയ്യലിന് ഹാജരാകാന്‍  നോട്ടീസ് നല്‍കി. കഴിഞ്ഞ ദിവസം അദ്ദേഹം ഹാജരായപ്പോള്‍ ചോദ്യം ചെയ്യലിന് ഒടുവില്‍ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. ചൊവാഴ്ച അര്‍ദ്ധരാത്രി മുതല്‍ ശിവശങ്കര്‍ ഇഡി കസ്റ്റഡിയിലാണ്. 

Share this story