കാസർകോട് സ്വദേശി ഇന്ത്യൻ പൗരനല്ലെന്ന വ്യാജ പരാതി; ബിജെപി നേതാവിനെതിരെ നടപടിയെുക്കാൻ കലക്ടറുടെ ഉത്തരവ്

muhammad

ഇന്ത്യൻ പൗരത്വമില്ലെന്ന് ആരോപിച്ച് കാസർകോട് പൈവളിക സ്വദേശി മുഹമ്മദിനെതിരെ പരാതി നൽകിയ ബിജെപി നേതാവിനെതിരെ നിയമ നടപടിയെടുക്കാൻ ജില്ലാ കലക്ടർ കെ ഇമ്പശേഖറുടെ ഉത്തരവ്. മുഹമ്മദിന്റെ പേര് നിലവിലെ പട്ടികയിൽ നിലനിർത്താൻ തെരഞ്ഞെടുപ്പ് രജിസ്‌ട്രേഷൻ ഓഫീസർ ഉത്തരവിട്ടു. ഫോം 7 പ്രകാരം മുഹമ്മദിന്റെ പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കണമെന്നാണ് ബിജെപി ജില്ലാ സെക്രട്ടറി ലോകേഷ് ലോണ്ട പരാതി നൽകിയത്

ഹിയറിംഗിൽ പരാതിക്കാരൻ ഹാജരായെങ്കിലും ആരോപണം തെളിയിക്കുന്ന യാതൊരു തെളിവോ രേഖകളോ നൽകാൻ സാധിച്ചില്ല. തെറ്റായ വിവരങ്ങൾ ഉൾപ്പെടുത്തി പരാതി നൽകിയതാണെന്ന് കണ്ടെത്തിയതായി കലക്ടർ അറിയിച്ചു. പരാതി നൽകിയ വ്യക്തിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് നിയമനടപടി സ്വീകരിക്കുമെന്ന് കലക്ടർ പറഞ്ഞു

ഫോം 7 പ്രകാരം എതിർപ്പ് നൽകുന്നത് നിയമപരമായ അവകാശമാണെങ്കിലും വ്യാജവിവരങ്ങൾ നൽകി തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചാൽ കടുത്ത നിയമ നടപടികൾ സ്വീകരിക്കുമെന്നും കലക്ടർ പറഞ്ഞു
 

Tags

Share this story