കണ്ണൂരിൽ കള്ളനോട്ട് പിടികൂടിയ സംഭവം; ഡ്രൈവിംഗ് സ്‌കൂൾ ഉടമയായ യുവതി അറസ്റ്റിൽ

Police

കണ്ണൂരിൽ കള്ളനോട്ട് പിടിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ. പാടിയോട്ടുചാൽ സ്വദേശി പി പി ശോഭ(45)യാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം കണ്ണൂരിൽ കള്ളനോട്ടുമായി പയ്യന്നൂർ സ്വദേശി ഷിജു എന്നയാൾ അറസ്റ്റിലായിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ശോഭയെ കുറിച്ച് വിവരം ലഭിച്ചത്. 

മെക്കാനിക്കായ തനിക്ക് വർക്ക്‌ഷോപ്പിൽ നിന്ന് കിട്ട കൂലിയാണ് ഇതെന്നാണ് ഷിജു പോലീസിനോട് ആദ്യം പറഞ്ഞത്. പിന്നീട് കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് പണം നൽകിയത് ശോഭയാണെന്ന് സമ്മതിച്ചത്. കഴിഞ്ഞ ദിവസം പാടിയോട്ടുചാലിൽ പെട്രോൾ പമ്പിൽ വാഹനത്തിൽ ഇന്ധനം നിറച്ച ശേഷം മറ്റൊരു യുവാവും 500ന്റെ കള്ളനോട്ട് നൽകിയിരുന്നു. പമ്പ് ജീവനക്കാരന് സംശയം തോന്നി പോലീസിൽ അറിയിക്കുകയും പോലീസ് ഇവരെ ചോദ്യം ചെയ്യുകയും ചെയ്തപ്പോഴാണ് കണ്ണൂരിൽ നിന്ന് പിടിച്ച കള്ളനോട്ടുമായും ഇവർക്ക് ബന്ധമുണ്ടെന്ന് മനസ്സിലായത്

ശോഭയുടെ വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിൽ 500 രൂപയുടെ കള്ളനോട്ടുകളും നിരോധിച്ച 2000, 1000 രൂപയുടെ നോട്ടുകളും കണ്ടെത്തി. കിടപ്പുമുറിയിലുണ്ടായിരുന്ന പ്രിന്ററും ലാപ്‌ടോപ്പും കസ്റ്റഡിയിലെടുത്തു. ഇവർ കാസർകോട് ജില്ലയിൽ ഡ്രൈവിംഗ് സ്‌കൂൾ നടത്തുന്ന സ്ത്രീയാണ്.
 

Share this story