കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ മന്ദഗതിയിലെന്ന് ആരോപണം: പ്രതിഷേധവുമായി കുടുംബങ്ങൾ
കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താൻ കഴിയാത്തതിൽ സർക്കാരിനെതിരെ കുടുംബാംഗങ്ങൾ. സർക്കാർ നടത്തുന്ന തിരച്ചിൽ കാര്യക്ഷമമല്ലെന്നാണ് പരാതി. എട്ട് ദിവസം മുൻപ് ഉപജീവനത്തിനായി കടലിൽ പോയ മൂന്ന് മത്സ്യത്തൊഴിലാളികളെയാണ് ഇനിയും കണ്ടെത്താനുള്ളത്. ആദ്യഘട്ടത്തിൽ തന്നെ കാര്യക്ഷമമായ തിരച്ചിൽ നടത്തിയിരുന്നെങ്കിൽ അച്ഛനെ കണ്ടെത്താനാകുമായിരുന്നുവെന്ന് വിഴിഞ്ഞത്ത് കാണാതായ ജോണിന്റെ മകൾ ജിജി പറഞ്ഞു. ഫിഷറീസ് മന്ത്രി ഇതുവരെ വിളിച്ച് അന്വേഷിച്ചില്ലെന്നും ജിജി ആരോപിച്ചു.
മുതലപ്പൊഴിയിൽ കാണാതായ ഷിജിന്റെ കുടുംബത്തിനും സമാന പരാതിയാണ്. തിരച്ചിൽ നടക്കാത്തതിൽ കുടുംബം പ്രതിഷേധിച്ചതിന് പിന്നാലെയാണ് സർക്കാർ തിരച്ചിൽ ആരംഭിച്ചതെന്നാണ് ആരോപണം. സർക്കാർ സ്കൂബാ ടീം തിരച്ചിലിന് ഇറങ്ങിയില്ലെന്നും കുടുംബം നേരിട്ട് ഏർപ്പാട് ചെയ്തവരാണ് തിരച്ചിൽ നടത്തിയതെന്നും ഷിജിന്റെ ഭാര്യ ആരോപിച്ചു.അതേസമയം, രണ്ട് കൈക്കുഞ്ഞുങ്ങളെ ചേർത്തുപിടിച്ച് ഭർത്താവിനെ കണ്ടെത്തണമെന്ന ആവശ്യവുമായി ഷിജിന്റെ ഭാര്യ സ്റ്റിജി ബിഗ് ടിവിയിലൂടെ വിതുമ്പി.
നീണ്ടകരയിൽ കാണാതായ ഗൗതം കൃഷ്ണയ്ക്കായുള്ള തിരച്ചിൽ വൈകുന്നതിനെതിരെ അമ്മ രേഷ്മയും രംഗത്തെത്തി. അച്ഛന്റെയും ഭർത്താവിന്റെയും സംസ്കാര ചടങ്ങുകൾക്ക് പിന്നാലെയാണ് മകനെ കണ്ടെത്തണമെന്ന ആവശ്യവുമായി രേഷ്മ കോസ്റ്റൽ പൊലീസ് സ്റ്റേഷന് മുന്നിൽ സമരം നടത്തിയത്.
ഇതിന് പിന്നാലെ കോസ്റ്റ് ഗാർഡിന്റെ രണ്ട് ഹെലികോപ്റ്ററുകളും ഒരു കപ്പലും ഉപയോഗിച്ചുള്ള തിരച്ചിലും ഡ്രോൺ പരിശോധനയും ആരംഭിച്ചു. നേരത്തെ തന്നെ ഇത്തരത്തിൽ പരിശോധന നടത്താമായിരുന്നുവെന്നാണ് രേഷ്മയുടെ ആരോപണം.
ഗൗതം കൃഷ്ണന്റെ വീട്ടിലെത്തിയ മന്ത്രി ഷിബു ബേബി ജോൺ കുടുംബാംഗങ്ങളുമായി വീണ്ടും സംസാരിച്ചു. കടലപകടങ്ങളിൽ കാണാതാകുന്നവർക്കായുള്ള തിരച്ചിൽ കാര്യക്ഷമമാകുന്നില്ലെന്ന ആരോപണവും പ്രതിഷേധവും ശക്തമാകുകയാണ്.
