ഗള്‍ഫിലേക്കുള്ള യാത്രാനിരക്ക് താങ്ങാനാകുന്നില്ല; വിമാനടിക്കറ്റ് നിരക്ക് കുറയ്ക്കാന്‍ അടിയന്തര ഇടപെടല്‍ തേടി പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala

അമിതമായ യാത്രാ നിരക്ക് ചുമത്തുന്ന വിമാനക്കമ്പനികളുടെ നടപടിയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്. ഉത്സവകാലത്ത് ഉയര്‍ന്ന യാത്രാനിരക്കാണ് കമ്പനികള്‍ ഈടാക്കുന്നത്. ഗള്‍ഫിലേക്കടക്കമുള്ള യാത്രക്കാര്‍ക്ക് ഇത് താങ്ങാനാകുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തില്‍ ചൂണ്ടിക്കാട്ടി

തിരക്കേറിയ അവസരങ്ങളില്‍ വിമാന കമ്പനികള്‍ അമിതനിരക്ക് ഈടാക്കുന്നത് നിയന്ത്രിക്കാന്‍ എയര്‍ലൈന്‍ കമ്പനികളുമായി കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തണമെന്നാണ് കത്തിലെ ആവശ്യം. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് ഈടാക്കുന്ന വിമാന ടിക്കറ്റ് നിരക്കില്‍ കഴിഞ്ഞ രണ്ട് മാസത്തിനിടെ മൂന്നിരട്ടിയിലധികം വര്‍ധനയാണുണ്ടായത്. ഫെസ്റ്റിവല്‍ സീസണുകള്‍, സ്‌കൂള്‍ അവധികള്‍ തുടങ്ങിയ സമയങ്ങളില്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുന്നത് സാധാരണ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണെന്ന് പിണറായി വിജയന്‍ കത്തില്‍ പറഞ്ഞു.

മാസങ്ങളോളം വിദേശത്ത് ജോലി ചെയ്തുണ്ടാക്കുന്ന ചെറിയ സമ്പാദ്യം വിമാന ടിക്കറ്റിനായി നല്‍കേണ്ട അവസ്ഥയാണ് പ്രവാസി തൊഴിലാളികള്‍ക്കുണ്ടാകുന്നത്. ഈ സാഹചര്യത്തില്‍ നിരക്കുകള്‍ പുനഃപരിശോധിക്കണമെന്ന കേരള സര്‍ക്കാരിന്റെയും കുടിയേറ്റ സംഘടനകളുടെയും അഭ്യര്‍ത്ഥനകളോട് എയര്‍ലൈന്‍ ഓപ്പറേറ്റര്‍മാര്‍ ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

അതിനിടെ ഗള്‍ഫ് രാജ്യങ്ങളിലെ താഴ്ന്ന വരുമാനക്കാരായ തൊഴിലാളികള്‍ക്ക് ഉത്സവ സീസണുകളിലും അവധിക്കാലത്തും ന്യായമായ വിമാന നിരക്കില്‍ അധിക/ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകള്‍ സര്‍വീസ് നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ അനുമതി നേടിയാല്‍ മാത്രമേ, വിദേശ/ഇന്ത്യന്‍ എയര്‍ക്രാഫ്റ്റ് ഓപ്പറേറ്റര്‍മാര്‍ക്ക് ഗള്‍ഫില്‍ നിന്ന് ഇന്ത്യയിലേക്ക് അഡീഷണല്‍/ചാര്‍ട്ടര്‍ വിമാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ കഴിയൂ.2023 ഏപ്രില്‍ രണ്ടാം വാരം മുതല്‍ സംസ്ഥാന സര്‍ക്കാര്‍ ബുക്ക് ചെയ്യുന്ന അഡീഷണല്‍/ചാര്‍ട്ടര്‍ ഫ്‌ലൈറ്റ് ഓപ്പറേഷനുകള്‍ക്ക് ആവശ്യമായ അനുമതികള്‍ വേഗത്തില്‍ നല്‍കാന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കാനും പിണറായി വിജയന്‍ പ്രധാനമന്ത്രിക്കയച്ച കത്തിലൂടെ ആവശ്യപ്പെട്ടു.

Share this story