വിട... മാമുക്കോയ അന്തരിച്ചു

Mammokoya

നടൻ മാമുക്കോയ അന്തരിച്ചു. ഹൃദയാഘാതത്തോടൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണകാരണം. കാളികാവ് പൂങ്ങോടിൽ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിന്റെ ഉദ്ഘാടനത്തിന് എത്തിയ മാമുക്കോയയെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തിങ്കളാഴ്ച മുതൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് 1.5 ഓടെയായിരുന്നു അന്ത്യം.

മലയാളത്തിലെ  പ്രമുഖ ഹാസ്യനടനാണ്‌ മാമുക്കോയ. കോഴിക്കോട് സ്വദേശിയായ മാമുക്കോയ നാടകരംഗത്തുനിന്നാണ്  സിനിമയിൽ എത്തിയത്. കോഴിക്കോട് ജില്ലയിലെ തന്നെ കല്ലായിയിൽ മരം അളക്കലായിരുന്നു തൊഴിൽ. നാടകവും കല്ലായിലെ മരമളക്കൽ ജോലിയും അദ്ദേഹം ഒരുമിച്ചുകൊണ്ടുപോയി. കെ ടി മുഹമ്മദ്, വാസു പ്രദീപ്, ബി മുഹമ്മദ് (കവിമാഷ്), എ കെ പുതിയങ്ങാടി, കെ ടി കുഞ്ഞു്, ചെമ്മങ്ങാട് റഹ്മാൻ തുടങ്ങിയവരുടെ നാടകങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.  

കോഴിക്കോടൻ ശൈലിയിലൂടെയാണ്  ശ്രദ്ധിക്കപ്പെട്ടത്. ശ്രീനിവാസനുമായുള്ള കൂട്ടുകെട്ടാണ് അദ്ദേഹത്തെ സിനിമയില്‍ കൈപിടിച്ച് ഉയര്‍ത്തിയത്. സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍ സിനിമകളിലൂടെ മലയാളി മനസിലേക്ക് ആഴ്ന്നിറങ്ങാന്‍ മാമുക്കോയയിലെ അഭിനേതാവിന് കഴിഞ്ഞു. 1979 ൽ നിലമ്പൂർ ബാലൻ സംവിധാനം ചെയ്ത അന്യരുടെ ഭൂമി എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രവേദിയിൽ എത്തിയത്. 1982-ൽ എസ് കൊന്നനാട്ട് സംവിധാനം ചെയ്ത സുറുമയിട്ട കണ്ണുകൾ എന്ന ചിത്രത്തിൽ വൈക്കം മുഹമ്മദ് ബഷീറിന്റെ ശുപാർശയിൽ ഒരു വേഷം ലഭിച്ചു.  ദൂരെ ദൂരെ ഒരു കൂടു കൂട്ടാം എന്ന ചിത്രത്തിലെ   അറബി മുൻഷിയുടെ വേഷത്തിലൂടെ  ശ്രദ്ധിക്കപ്പെട്ടു.

മമ്മദിന്റെയും ഇമ്പച്ചി ആയിശയുടേയും മകനായി 1946-ൽ കോഴിക്കോട് ജില്ലയിലെ പള്ളിക്കണ്ടിയിൽ ജനനം. കോഴിക്കോട് എം എം ഹൈസ്കൂളിൽ പത്താംക്ലാസ് വരെ പഠനം. പഠനകാലത്തു തന്നെ നാടകത്തിലഭിനയിക്കുമായിരുന്നു മാമുക്കോയ.   സുഹ്റയാണ് മാമുക്കോയയുടെ ഭാര്യ. നിസാർ, ഷാഹിദ, നാദിയ, അബ്ദുൾ റഷീദ് എന്നിവർ മക്കളാണ്.

Share this story