പ്രിയപ്പെട്ട 'ശ്രീനി'ക്ക് നാടിന്റെ വിട; സംസ്കാരം ഇന്ന് രാവിലെ 10-ന് ഔദ്യോഗിക ബഹുമതികളോടെ

Sreneevasan

അന്തരിച്ച മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ ശ്രീനിവാസന്റെ സംസ്‌കാരം ഇന്ന് നടക്കും. കണ്ടനാടുള്ള വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെ ആണ് സംസ്‌കാരം. എറണാകുളം ടൗണ്‍ ഹാളില്‍ ഇന്നലെ നടന്ന പൊതുദര്‍ശനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, നടന്മാരായ മമ്മൂട്ടി മോഹന്‍ ലാല്‍ എന്നിവര്‍ അന്തിമോപചാരം അര്‍പ്പിച്ചിരുന്നു.

ഇന്നലെ രാവിലെ 8.30 ഓടെയാണ് മരണം സ്ഥിരീകരിച്ചത്. ഏറെ നാളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു ശ്രീനിവാസൻ. ഡയാലിസിസിനായി രാവിലെ കൊച്ചിയിലെ അമൃത ആശുപത്രിലേക്ക് പോകുന്ന വഴി ആരോഗ്യം മോശമായി. തുടര്‍ന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഉടനെ തന്നെ മരണം സ്ഥിരീകരിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന സമയത്ത് ഭാര്യ വിമലയും അടുത്ത ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു.

ശ്രീനിവാസന്‍ എന്ന കലാകാരന്റെ പ്രതിഭ പൂര്‍ണ്ണമായും വെളിപ്പെടുന്നത് തിരക്കഥാ രംഗത്താണ്. 1984-ല്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ‘ഓടരുതമ്മാവാ ആളറിയാം’ എന്ന ചിത്രത്തിന് തിരക്കഥ എഴുതിക്കൊണ്ടാണ് അരങ്ങേറ്റം. സിബി മലയില്‍ സംവിധാനം ചെയ്ത മുത്താരംകുന്ന് പി ഒ കണ്ടാണ് സത്യന്‍ അന്തിക്കാട് ശ്രീനിവാസനെ ഒപ്പം ചേര്‍ക്കുന്നത്. സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍പ്പിറന്ന സന്ദേശം, നാടോടിക്കാറ്റ്, ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ്, സന്മനസ്സുള്ളവര്‍ക്ക് സമാധാനം, വരവേല്‍പ്പ് തലയണ മന്ത്രം തുടങ്ങിയ ചിത്രങ്ങള്‍ സാധാരണക്കാരുടെ ജീവിതപ്രശ്‌നങ്ങളെ നര്‍മ്മത്തില്‍ ചാലിച്ച് അവതരിപ്പിച്ചു. രാഷ്ട്രീയ ആക്ഷേപഹാസ്യത്തിന് മലയാള സിനിമയിലെ ഒരു പാഠപുസ്തകമായിരുന്നു ‘സന്ദേശം’.

സംവിധായകന്റെ കുപ്പായത്തിലും ശ്രീനിവാസന്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. അപകര്‍ഷതാബോധമുള്ള ഒരു ഭര്‍ത്താവിന്റെ കഥ പറഞ്ഞ വടക്കുനോക്കിയന്ത്രം മലയാളത്തിലെ ക്ലാസിക്കുകളിലൊന്നായി. ഒരു ഗ്രാമീണന്റെ സാമൂഹിക കാഴ്ചപ്പാടുകളെ ഹാസ്യത്തിന്റെ അകമ്പടിയോടെ അവതരിപ്പിച്ച ചിന്താവിഷ്ടയായ ശ്യാമള അപൂര്‍വ അനുഭവങ്ങളിലൊന്നായി. മികച്ച സിനിമയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം, മികച്ച തിരക്കഥയ്ക്കും കഥയ്ക്കുമടക്കം ആറ് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ എന്നിങ്ങനെ നിരവധി അംഗീകാരങ്ങള്‍ ശ്രീനിവാസനെ തേടിയെത്തി.

വിമല ശ്രീനിവാസനാണ് ഭാര്യ. അഭിനേതാക്കളായ വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും മക്കള്‍. മലയാള സിനിമയ്ക്ക് പകരം വയ്ക്കാനാകാത്ത സംഭാവനകള്‍ നല്‍കിയാണ് ശ്രീനിവാസന്‍ വിട വാങ്ങുന്നത്. കാലാതിവര്‍ത്തിയായ കഥാപാത്രങ്ങളിലൂടെ ശ്രീനിവാസന്‍ പ്രേക്ഷകഹൃദയങ്ങളില്‍ അനശ്വരനായി തുടരുക തന്നെ ചെയ്യും.

കണ്ണൂരിലെ കൂത്തുപറമ്പിനടുത്തുള്ള പാട്യം എന്ന ഗ്രാമത്തില്‍, അധ്യാപകനും കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനുമായിരുന്ന ഉണ്ണിയുടെയും ലക്ഷ്മിയുടെയും മകനായി 1956ല്‍ ജനിച്ച ശ്രീനിവാസന്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയ ശേഷം, 1977-ല്‍ മദ്രാസ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും അഭിനയത്തില്‍ ഡിപ്ലോമ നേടി. പ്രശസ്ത നടന്‍ രജനികാന്ത് അവിടെ ശ്രീനിവാസന്റെ സഹപാഠിയായിരുന്നു. 1976-ല്‍ പി.എ. ബക്കര്‍ സംവിധാനം ചെയ്ത ‘മണിമുഴക്കം’ എന്ന ചിത്രത്തിലൂടെയാണ് ശ്രീനിവാസന്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ആദ്യകാലത്ത് ചെറിയ വേഷങ്ങളിലൂടെയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും അദ്ദേഹം പ്രവര്‍ത്തിച്ചു.

Tags

Share this story