പിതാവിൻ്റെ ശരീരത്തിൽ ചൂടു കഞ്ഞിവെള്ളം ഒഴിച്ചു കൊലപ്പെടുത്തി; മകൻ അറസ്റ്റിൽ

കഞ്ഞിവെള്ളം

പുതുക്കാട് (തൃശൂർ): ചൂടുകഞ്ഞിവെള്ളം ശരീരത്തിൽ ഒഴിച്ചു പിതാവിനെ പൊള്ളിച്ചു കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ. പുതുക്കാട് കണ്ടൻകവിൽ വീട്ടിൽ ഗോപാലകൃഷ്ണനാണ് (70) കൊല്ലപ്പെട്ടത്. ശരീരത്തിൽ ചൂടു കഞ്ഞിവെള്ളം ഒഴിച്ച മകൻ വിനോദിനെ (37) തൃശൂർ നഗരത്തിൽ നിന്നാണ് പൊലീസ് പിടികൂടിയത്. മാള പൊലീസ് സ്റ്റേഷൻ പരിധിയിലെ മോഷണ കേസിലെ പ്രതി കൂടിയാണ് വിനോദ്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. 

ഒക്ടോബർ 21ന് ഞെള്ളുരിലെ സ്വന്തം വീട്ടിൽ വച്ച് ചൂടുകഞ്ഞിവെള്ളം ശരീരത്തിൽ വീണതിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെ രണ്ടരയ്ക്കാണ് ഗോപാലകൃഷ്ണൻ മരിച്ചത്. ഗോപാലകൃഷ്ണന്റെ സഹോദരനായ മണികണ്ഠൻ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പുതുക്കാട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു. മരണപ്പെട്ട ഗോപാലകൃഷ്ണനെ മകനായ വിനോദ് നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നു എന്നാണ് മണികണ്ഠൻ മൊഴി നൽകിയത്.‍ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വിനോദ് അറസ്റ്റിലായത്.

Tags

Share this story