ഭയന്ന് മിണ്ടാതിരിക്കില്ല; പറയേണ്ടത് പറയും: ഗണേഷ് കുമാർ

Ganeesh

തിരുവനന്തപുരം: തന്നെ തിരഞ്ഞെടുത്തത് ജനങ്ങളാണെന്നും ആരെയും ഭയന്ന് മിണ്ടാതിരിക്കില്ലെന്നും വ്യക്തമാക്കി ഗണേഷ് കുമാർ. കഴിഞ്ഞ എല്‍ഡിഎഫ് നിയമസഭാ കക്ഷി യോഗത്തില്‍ സര്‍ക്കാരിനും മന്ത്രിമാര്‍ക്കുമെതിരെ ഗണേഷ് കുമാര്‍ രംഗത്തെത്തിയിരുന്നു. പിന്നാലെ ഗണേഷ് മുന്നണി വിടുമെന്ന പ്രചാരണം ശക്തമായി. ഇത്തരം പ്രചാരണങ്ങൾ പൊള്ളയാണെന്നും, മുന്നണി വിടാൻ തീരുമാനിച്ചിട്ടില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു.

എൽ.ഡി.എഫിൽ തന്നെ ഉറച്ച് നിൽക്കുമെന്നും, എല്‍.ഡി.എഫ് യോഗങ്ങളില്‍ ക്രിയാത്മക വിമര്‍ശനങ്ങള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് വിട്ടുവന്നവര്‍ കേരളാ കോണ്‍ഗ്രസ് ബി ഗ്രൂപ്പില്‍ ചേരുന്നതിന്റെ ലയന സമ്മേളനം മൂവാറ്റുപുഴയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.

അതേസമയം, കേരള സര്‍ക്കാരിന് കീഴില്‍ ഉണ്ടാകുന്ന വിലക്കയറ്റത്തിനെതിരേ അടിയന്തിര ഇടപെടല്‍ വേണമെന്നും ഇല്ലെങ്കില്‍ പാര്‍ട്ടിയ്ക്ക് സമരവുമായി മുമ്പോട്ട് പോകേണ്ടി വരുമെന്നും ഗണേഷ് കുമാർ വ്യക്തമാക്കിയിരുന്നു. സര്‍ക്കാരിന്റെ എല്ലാ മേഖലയിലും ചെലവ് കുറയ്ക്കല്‍ നടപ്പിലാക്കണം. കേട്ടുകേഴ്വി പോലുമില്ലാത്ത ആശയങ്ങള്‍ മുമ്പോട്ടുവെച്ച് ഉണ്ടാകുന്ന അധികചെലവ്, കിഫ്ബി, കള്‍സള്‍ട്ടന്റുമാര്‍ എന്നിങ്ങനെയുള്ള ചെലവുകളെല്ലാം നിയന്ത്രിക്കണമെന്നും എല്‍.ഡി.എഫ് യോഗത്തില്‍ കൂടിയാലോചനകള്‍ കുറവാണെന്നും അദേഹം പറഞ്ഞിരുന്നു.

Share this story