സംസ്ഥാനത്ത് സിഗ്നലുകള്‍ ഇല്ലാത്ത ദേശീയപാത 66ന്റെ പ്രത്യേകതകള്‍

NH 66

തിരുവനന്തപുരം: സംസ്ഥാനത്ത് സിഗ്‌നലുകള്‍ ഇല്ലാത്ത ആദ്യത്തെ പ്രധാന റോഡായി മാറാന്‍ ദേശീയപാത 66. കാസര്‍കോട് തലപ്പാടിമുതല്‍ തിരുവനന്തപുരം കഴക്കൂട്ടം വരെ ആറുവരിയായി നിര്‍മ്മിക്കുന്ന റോഡാണ് ഈ ഖ്യാതി സ്വന്തമാക്കാനൊരുങ്ങുന്നത്. 603 കിലോമീറ്റര്‍ റോഡാണ് ഇത്തരത്തില്‍ നിര്‍മ്മിക്കുക.

റോഡ് മറികടക്കാന്‍ നടപ്പാതകളും അടിപ്പാതകളും നിര്‍മ്മിക്കും. ചിലയിടങ്ങളില്‍ ഒരു കിലോമീറ്ററിനുള്ളില്‍ തന്നെ മൂന്നോളം അടിപ്പാതകള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. 400-ലധികം അടിപ്പാതകളാകും നിര്‍മ്മിക്കുക. പ്രധാന സ്ഥലങ്ങളെ ഈ അടിപ്പാതകള്‍ വഴിയാകും ബന്ധിപ്പിക്കുന്നത്. കാല്‍നടയാത്രികര്‍ക്കായി നടപ്പാതകളും സജ്ജമാക്കും. അപകടങ്ങള്‍ കുറയ്ക്കുന്നതില്‍ സുപ്രധാന പങ്ക് വഹിക്കാന്‍ ഈ സജ്ജീകരണത്തിന് സാധിക്കും.

റോഡ് വിഭജിക്കാന്‍ മീഡിയനുകളും ഉണ്ടാവില്ല. പകരം അപകടങ്ങളെ ചെറുക്കുന്ന ന്യൂജേഴ്‌സി ബാരിയറുകളാകും ആറുവരി പാതയെ വിഭജിക്കാന്‍ ഉണ്ടാവുക. മീഡിയനുകള്‍ നിര്‍മ്മിക്കാന്‍ 60 മീറ്റര്‍ വീതിയാണ് ആവശ്യമായിട്ടുള്ളത്.

എന്നാല്‍ ന്യൂജേഴ്‌സി ബാരിയറിന് 0.61 മീറ്റര്‍ മാത്രമാകും വീതി. ഇത് സ്ഥലവും ചെലവും കുറയ്ക്കാനും സഹായിക്കുന്നു. ബാരിയറില്‍ വന്നിടിച്ചാല്‍ വാഹനങ്ങളുടെ തകരാറുകളും യാത്രക്കാരുടെ പരിക്കും കുറയ്ക്കാനും സഹായിക്കും. നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് ഏഴ് മണിക്കൂറുകള്‍ കൊണ്ട് എത്താന്‍ കഴിയും.

Share this story