സ്ത്രീത്വത്തെ അപമാനിച്ചു; ആകാശ് തില്ലങ്കേരിക്കും കൂട്ടുപ്രതികള്‍ക്കും ജാമ്യം

Local

സത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ ആകാശ് തില്ലങ്കേരിക്കും രണ്ട് കൂട്ടുപ്രതികള്‍ക്കും ജാമ്യം. ആകാശ് നേരിട്ട് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായിരുന്നു. ജിജോ തില്ലങ്കേരി, ജയപ്രകാശ് തില്ലങ്കേരി എന്നിവരെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കിയ ശേഷം കോടതിയില്‍ ഹാജരാക്കുകയായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി ആകാശ് കോടതിയിലെത്തി കീഴടങ്ങിയത്. 

ഡിവെഎഫ്ഐ വനിതാ നേതാവിന്റെ പരാതിയില്‍ മുഴക്കുന്ന് സിഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ആകാശ് തില്ലങ്കേരിക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി പൊലീസ് കേസെടുത്തെങ്കിലും ഇയാള്‍ ഒളിവിലാണെന്നായിരുന്നു വാദം. എന്നാല്‍ ജാമ്യം ലഭിക്കുമെന്ന വിവരം ലഭിച്ചതോടെയാണ് കീഴടങ്ങലും ജാമ്യവും. 

പാര്‍ട്ടിക്കായി കൊലപാതകം നടത്തിയെന്ന ആകാശ് തില്ലങ്കേരിയുടെ ഫേസ്ബുക്ക് കമന്റിലൂടെയുള്ള വെളിപ്പെടുത്തലിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ കടുക്കുന്നതിന് ഇടയിലാണ് സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസും. സമൂഹമാധ്യമങ്ങള്‍ വഴി ആകാശ് അപമാനിച്ചെന്നായിരുന്നു ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പരാതി. ഡിവൈഎഫ്‌ഐ ഇത് ചര്‍ച്ച ചെയ്യുകയും ചെയ്തതിന് പിന്നാലെയാണ് പോലീസിന് പരാതി നല്‍കിയത്. കേസുമായി ബന്ധപ്പെട്ട് വനിതാ നേതാവിന്റെ മൊഴി പോലീസ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

Share this story