ഒടുവിൽ മധുവിന്റെ അമ്മയും മല്ലിയും പുഞ്ചിരിച്ചു; മുഖത്ത് ആത്മവിശ്വാസം തെളിഞ്ഞു

madhu

അഞ്ച് വർഷമായി നെഞ്ചിൽ കൊണ്ടുനടന്ന തീക്കനലായിരുന്നു ഈ കേസ് അവർക്ക്. ഒളിഞ്ഞും തെളിഞ്ഞും പരാജയപ്പെടുത്താനായി പല ശക്തികൾ വന്നു. നിരന്തരം ഭീഷണികൾ, പ്രലോഭനങ്ങൾ. കോടതിയിൽ സാക്ഷികൾ കൂറുമാറുന്നതും പതിവായതോടെ മാനസികമായും തളർന്നു. പക്ഷേ മധുവെന്ന തങ്ങളുടെ പ്രിയപ്പെട്ടവന് നീതിക്കായി അവർ പൊരുതുക തന്നെ ചെയ്തു. ഒടുവിൽ കോടതി വിധി പറയുമ്പോൾ മധുവിന്റെ കുടുംബത്തിന്റെ മുഖത്ത് തെളിഞ്ഞത് ആശ്വാസത്തിന്റെ ചിരിയായിരുന്നു

കേസിൽ പതിനാറ് പ്രതികളിൽ പതിനാല് പ്രതികളും കുറ്റക്കാരാണെന്ന് വിളിക്കുമ്പോൾ കോടതി വരാന്തയിൽ നിൽക്കുകയായിരുന്നു മധുവിന്റെ അമ്മ ചന്ദ്രികയും സഹോദരി മല്ലിയും. വിധി വന്നതോടെ ഇരുവരും പുഞ്ചിരിച്ചു. മുഖത്ത് ആത്മവിശ്വാസം നിഴലിച്ചു. അപ്പോഴേക്കും മൊബൈൽ ഫോണുകളിൽ കോളുകൾ തുരുതുരാ വരാൻ തുടങ്ങി. എല്ലാവരോടും വിധിയുടെ വിവരം ചെറുവാക്കിൽ പറഞ്ഞ് ഒതുക്കി

പ്രതികൾക്ക് അർഹിക്കുന്ന ശിക്ഷ കിട്ടുമെന്ന പ്രതീക്ഷയായിരുന്നു കോടതിയിലേക്ക് പോകുമ്പോഴും മധുവിന്റെ കുടുംബത്തിനുണ്ടായിരുന്നത്. നായയെ പോലെ തല്ലിച്ചതച്ചാണ് കാട്ടിൽ നിന്നും മധുവിനെ പ്രതികൾ മുക്കാലിയിലേക്ക് കൊണ്ടുവന്നത്. ആ വേദനയൊക്കെ മധു അനുഭവിച്ചതിന് നീതി ലഭിക്കണം. അതിന് വേണ്ടിയാണ് ഇത്രയും കാലം പോരാടിയത് എന്നായിരുന്നു ചന്ദ്രികയും മല്ലിയും പറഞ്ഞത്.
 

Share this story