ഇന്ധന സെസ് അടക്കം പിൻവലിക്കില്ലെന്ന് ധനമന്ത്രി; പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു

balagopal

സംസ്ഥാന ബജറ്റിൽ കൂട്ടിയ നികുതിയൊന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ കുറച്ചില്ല. പ്രതിപക്ഷ വിമർശനത്തിന് ഏറെ നേരം സമയമെടുത്ത് വിശദീകരണം നൽകിയ ശേഷം നികുതി വർധനയുമായി മുന്നോട്ടു പോകുകയാണെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. ഭരണപക്ഷത്തിന്റെ നടപടിയെ വിമർശിച്ച് പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ യുഡിഎഫ് അംഗങ്ങൾ സഭ വിട്ടു. ഇതോടെ ഇന്ധന സെസ് രണ്ട് രൂപ വർധിപ്പിച്ചതും ഭൂമിയുടെ ന്യായവില 20 ശതമാനം വർധിപ്പിച്ചതും അടക്കം എല്ലാ നികുതി വർധനവും അടുത്ത സാമ്പത്തിക വർഷത്തിൽ പ്രാബല്യത്തിൽ വരും

ബിജെപി സംസ്ഥാന പ്രസിഡന്റ് പറയുന്നത് ന്യായീകരിക്കാനാണോ പ്രതിപക്ഷം ഇരിക്കുന്നതെന്ന് ധനമന്ത്രി ചോദിച്ചു. കേരളത്തിന് കിട്ടേണ്ട പണം വെട്ടിക്കുറക്കുന്നത് കേരളത്തിലെ നിയമസഭയിൽ ഒരു യുഡിഎഫ് അംഗവും ന്യായീകരിക്കുന്നത് ശരിയല്ല. കേരളത്തിന് ഒന്നും കിട്ടേണ്ട എന്ന നിലപാട് അംഗീകരിക്കാനാകില്ല. കേരളത്തിന് അർഹമായ വിഹിതം വെട്ടിക്കുറച്ചതിനെ പ്രതിപക്ഷം ന്യായീകരിക്കുന്നു. 

പെട്രോൾ വില വർധന പ്രത്യേക ഫണ്ടെന്ന നിലയിലാണ്. കേന്ദ്രം പെട്രോൾ വിലയിൽ 20 രൂപ എടുക്കുന്നു. 7500 കോടി കേന്ദ്രം ഇന്ധനത്തിൽ പിരിക്കുന്നു. പ്രത്യേക സാഹചര്യത്തിൽ പിരിക്കാമെന്ന ന്യായം വെച്ചാണ് പിരിവ്. സംസ്ഥാനം കൂട്ടിയപ്പോൾ വലിയ പ്രതിഷേധം നടക്കുന്നു. വണ്ടി കത്തിച്ചത് ഒഴിവാക്കാമായിരുന്നു. നികുതി അസാമാന്യ ഭാരം അല്ല. പെൻഷൻ നിർത്തണോയെന്നും മന്ത്രി ചോദിച്ചു.
 

Share this story