തെരുവ് നായ്ക്കൾക്ക് ഷെൽട്ടർ കണ്ടെത്തുന്നത് വെല്ലുവിളി; ജനങ്ങളുടെ പ്രതിഷേധം വ്യാപകമെന്ന് കേരളം
തെരുവ് നായ്ക്കളെ പാർപ്പിക്കുന്നതിനുള്ള പ്രത്യേക സ്ഥലങ്ങൾ കണ്ടെത്തലിന് വെല്ലുവിളി നേരിടുന്നുവെന്ന് കേരളം സുപ്രീം കോടതിയിൽ. തെരുവ് നായ്ക്കൾക്കുള്ള ഷെൽട്ടറുകൾ ആരംഭിക്കുന്നതിനെതിരെ ജനങ്ങളുടെ പ്രതിഷേധം വ്യാപകമാണെന്നും ചീഫ് സെക്രട്ഠറി കോടതിയെ അറിയിച്ചു. തലശ്ശേരിയിൽ ആരംഭിച്ച എബിസി കേന്ദ്രം പ്രതിഷേധത്തെ തുടർന്ന് അടക്കേണ്ടി വന്നെന്നും ചീഫ് സെക്രട്ടറി സുപ്രീം കോടതിയിൽ അറിയിച്ചു
കേരളത്തിലെ തെരുവ് നായ പ്രശ്‌നം പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികൾ വിശദീകരിച്ചാണ് ചീഫ് സെക്രട്ടറി ഡോ. ജയതിലക് സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തത്. ഈ സത്യവാങ്മൂലത്തിലാണ് തെരുവ് നായ്ക്കളെ പാർപ്പിക്കുന്നതിനുള്ള ഡോഗ് പൗണ്ടുകൾ സ്ഥാപിക്കുന്നതിനുള്ള വെല്ലുവിളി വിശദീകരിച്ചത്
കേരളം ജനസാന്ദ്രത കൂടിയ സംസ്ഥാനമാണ്. നഗര ഗ്രാമ വ്യത്യാസമില്ല. അതിനാൽ ഉപയോഗശൂന്യമായ ഭൂമി കണ്ടെത്തുന്നത് വെല്ലുവിളി നിറഞ്ഞതാണ്. നിലവിൽ രണ്ട് ഡോഗ് പൗണ്ടുകൾ കേരളത്തിലുണ്ട്. കൂടുതൽ സ്ഥലങ്ങൾ കണ്ടെത്തുന്നതിന് നടപടികൾ സ്വീകരിച്ച് വരികയാണെന്നും ചീഫ് സെക്രട്ടറി അറിയിച്ചു
