ഖത്തര്‍ കെഎംസിസി കവര്‍ച്ചയില്‍ ആദ്യ നടപടി; വ്യവസായി റസാഖ് റൊട്ടാനയെ പുറത്താക്കി മുസ്‌ലിം ലീഗ്
കോഴിക്കോട്: ഖത്തറിലെ കെഎംസിസി ഓഫീസില്‍ നടന്ന കോടികളുടെ കവര്‍ച്ചാ കേസില്‍ ആരോപണം നേരിട്ട വ്യവസായി റസാഖ് റൊട്ടാനയെ പുറത്താക്കി മുസ്‌ലിം ലീഗ്. കെഎംസിസി അടക്കമുള്ള എല്ലാ ലീഗ് പോഷക സംഘടനകളില്‍ നിന്നും പുറത്താക്കിയതായാണ് അറിയിപ്പ്. സംസ്ഥാന ലീഗ് കമ്മിറ്റിയാണ് റസാഖിനെ പുറത്താക്കിയത്.
നേരത്തെ കീഴടങ്ങിയ നാലാം പ്രതി ബാലകൃഷ്ണന്റെ മൊഴിയിലും ഇയാള്‍ പുറത്തുവിട്ട വീഡിയോയിലും റസാഖ് റൊട്ടാനയുടെ പേരുണ്ട്. അതൊടൊപ്പം മുഖ്യപ്രതിയായ ബോംബെ ഷാജിയുടെ ശബ്ദ സന്ദേശം പുറത്തുവന്നിരുന്നു. അതിലും റസാഖിന്റെ പേര് പരാമര്‍ശിക്കുന്നുണ്ട്. ഈ ആരോപണങ്ങളെല്ലാം റസാഖ് റൊട്ടാന നിഷേധിച്ചു. തനിക്കെതിരെ ഒരു വിഭാഗം നീക്കം നടത്തുന്നതായാണ് ഇയാള്‍ നല്‍കിയ വിശദീകരണം. ആരെയും സംരക്ഷിക്കുന്ന നിലപാട് ലീഗില്‍ നിന്ന് ഉണ്ടാകില്ലെന്ന് പിഎംഎ സലാം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ലീഗുമായി ബന്ധപ്പെട്ട ആരെങ്കിലും കവര്‍ച്ചയ്ക്ക് പിന്നിലുണ്ടെങ്കില്‍ കൃത്യമായ നടപടിയെടുക്കുമെന്നാണ് സലാം പറഞ്ഞത്.
2025 സെപ്റ്റംബര്‍ 18നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കെഎംസിസിയുടെ അല്‍ തുമാമയിലെ ഓഫീസിലെ ലോക്കര്‍ തകര്‍ത്ത് എട്ട് കോടിയോളം ഇന്ത്യന്‍ രൂപയാണ് കവര്‍ന്നത്. കെഎംസിസിയുടെ സ്നേഹ സുരക്ഷാ പദ്ധതിക്കായി സമാഹരിച്ച തുകയായിരുന്നു മോഷ്ടിക്കപ്പെട്ടത്. അംഗങ്ങള്‍ക്ക് അസുഖമോ മരണമോ സംഭവിച്ചാല്‍ 50,000 രൂപ മുതല്‍ 10 ലക്ഷം രൂപ വരെ നല്‍കാനായി അംഗങ്ങളില്‍ നിന്ന് പ്രതിമാസം 20 റിയാല്‍ വീതം പിരിവെടുത്തായിരുന്നു ഈ തുക സമാഹരിച്ചിരുന്നത്.
പണം നഷ്ടമായതിന് പിന്നാലെ കെഎംസിസി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഖത്തര്‍ പൊലീസും കേരളത്തിലെ ഗൂഢാലോചനയെ മുന്‍നിര്‍ത്തി കൊയിലാണ്ടി പൊലീസും അന്വേഷണം നടത്തുന്നതിനിടെയാണ് നാലാം പ്രതി ബാലകൃഷ്ണന്‍ കീഴടങ്ങുന്നത്. വെല്‍ഡിങ് ജോലിക്കാരനായ തന്നെ അറബിയുടെ വീട്ടില്‍ ഒരു ജോലിയുണ്ടെന്ന് പറഞ്ഞ് കേസിലെ ഒന്നാം പ്രതി ബോംബെ ഷാജിയാണ് ഖത്തറിലെത്തിച്ചതെന്നാണ് ബാലകൃഷ്ണന്‍ അവകാശപ്പെടുന്നത്. കെഎംസിസി ഓഫീസിലെ സ്ട്രോങ് റൂം ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് തുറക്കാന്‍ സംഘം ആവശ്യപ്പെട്ടുവെന്നും ഇവിടെയെത്തിയപ്പോഴാണ് കെഎംസിസിയുടെ ഓഫീസാണെന്ന് മനസിലായതെന്നും ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് കവര്‍ച്ചയില്‍ സഹായിച്ചതെന്നും ബാലകൃഷ്ണന്‍ മൊഴി നല്‍കിയിട്ടുണ്ട്.
