എറണാകുളം-ബംഗളൂരു വന്ദേഭാരതിന്റെ ഫ്‌ളാഗ് ഓഫ് ഇന്ന്; ടിക്കറ്റ് ബുക്കിംഗ് ഞായറാഴ്ച മുതൽ
കേരളത്തിനുള്ള എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്‌സ്പ്രസ് അടക്കം നാല് പുതിയ വന്ദേഭാരത് എക്‌സ്പ്രസുകൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഫ്‌ളാഗ് ഓഫ് ചെയ്യും. രാവിലെ 8.15ന് വാരണാസിയിൽ ആണ് ഫ്‌ളാഗ് ഓഫ് നിർവഹിക്കുക. ബനാറസ്-ഖജുരാഹോ, ലഖ്നൗ-സഹരൻപൂർ, ഫിറോസ്പൂർ-ഡൽഹി എന്നിവയാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന മറ്റ് മൂന്ന് വന്ദേ ഭാരത് സർവീസുകൾ.
ഞായറാഴ്ച മുതൽ ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര ചെയ്യാനാകും. കേരളത്തിനുള്ള വന്ദേഭാരത് എക്‌സ്പ്രസിന്റെ സമയക്രമം നേരത്തെ നിശ്ചയിച്ചിരുന്നു. ഉച്ചയ്ക്ക് 2.20 ന് എറണാകുളത്തു നിന്നും പുറപ്പെടുന്ന വന്ദേഭാരത് രാത്രി 11 മണിക്ക് ബെംഗളൂരുവിൽ എത്തും. ബെംഗളൂരുവിൽ നിന്ന് പുലർച്ചെ 5.10 നാണ് തിരികെ യാത്ര.
കേരളത്തിൽ തൃശൂർ, പാലക്കാട് എന്നിവിടങ്ങളിൽ സ്റ്റോപ്പുകൾ ഉണ്ടാകും. തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം, ജോലാർപേട്ട് , കൃഷ്ണരാജപുരം എന്നീ സ്റ്റോപ്പുകളുണ്ട്. ബുധനാഴ്ച ഒഴിച്ച് മറ്റു ദിവസങ്ങളിൽ സർവീസുണ്ടാകും.
