വന്ദേഭാരത് എക്‌സ്പ്രസിന്റെ ഫ്‌ളാഗ് ഓഫ്; ഒന്നും അറിയിച്ചിട്ടില്ലെന്ന് സംസ്ഥാന സർക്കാർ

vande

കേരളത്തിന് വന്ദേഭാരത് അനുവദിച്ചത് സംസ്ഥാന സർക്കാരിനെ അറിയിച്ചിട്ടില്ലെന്ന് മന്ത്രി വി അബ്ദുറഹ്മാൻ. ഇതുവരെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും അറിയിപ്പ് ലഭിച്ച ശേഷം പ്രതികരിക്കാമെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. വന്ദേഭാരത് അനുവദിച്ചത് അറിയേണ്ടിയിരുന്നത് ഇങ്ങനെ അല്ലെന്ന് എംകെ പ്രേമചന്ദ്രൻ എംപിയും പ്രതികരിച്ചു. എന്നാൽ കേരളത്തിനുള്ള വിഷു കൈനീട്ടമാണ് വന്ദേഭാരത് എന്നായിരുന്നു ബിജെപിയുടെ പ്രതികരണം. ഏപ്രിൽ 25ന് പ്രധാനമന്ത്രി നരേന്ദ്രമോദി വന്ദേഭാരത് എക്‌സ്പ്രസ് ഫ്‌ളാഗ് ഓഫ് ചെയ്യും

ബിജെപിയുടെ കൃത്യമായ രാഷ്ട്രീയ നീക്കം കൂടിയാണ് വന്ദേഭാരതിന്റെ കേരളത്തിലേക്കുള്ള വരവെന്ന് വ്യക്തമായി കഴിഞ്ഞു. പാലക്കാട് മുതൽ ബിജെപി പ്രവർത്തകർ ട്രെയിനിന് നൽകുന്ന സ്വീകരണം ഇതിന്റെ സൂചനയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിലാണ് കേരളത്തിന് വന്ദേഭാരത് എക്‌സ്പ്രസ് കേന്ദ്രം അനുവദിച്ചിരിക്കുന്നത്. 

വന്ദേഭാരതിന് ആറ് സ്റ്റോപ്പുകൾ ഉണ്ടാകുമെന്നാണ് സൂചന. സർവീസ് നടത്തുന്നതിന് മുന്നോടിയായി ദക്ഷിണ റെയിൽവേ മാനേജർ ആർ എൻ സിംഗ് ഉന്നത റെയിൽവേ ഉദ്യോഗസ്ഥരുമായി തിരുവനനന്തപുരത്ത് കൂടിക്കാഴ്ച നടത്തി. പ്രത്യേക ട്രെയിനിൽ തിരുവനന്തപുരം മുതൽ കോഴിക്കോട് വരെ ട്രാക്ക് പരിശോധനയും നടത്തി.
 

Share this story