എൽ പി എസ് ടി സമരവേദിയിലെ ഫ്‌ളക്‌സുകൾ 24 മണിക്കൂറിനകം നീക്കണം; വളർമതിക്ക് വീണ്ടും പോലീസ് നോട്ടീസ്

വളർമതി

തിരുവനന്തപുരം: എൽ പി എസ് ടി ഉദ്യോഗാർഥികളുടെ സമരവുമായി ബന്ധപ്പെട്ട് സമരസമിതി കൺവീനർ എസ് വളർമതിക്ക് വീണ്ടും പോലീസ് നോട്ടീസ്. നിരാഹാര സമരത്തിന്റെ ഭാഗമായി സ്ഥാപിച്ച ഫ്‌ളക്‌സുകളും മറ്റ് പ്രചാരണ സാമഗ്രികളും 24 മണിക്കൂറിനകം നീക്കണമെന്നാണ് കന്റോൺമെന്റ് പോലീസിന്റെ നിർദേശം. 

നിർദേശം പാലിച്ചില്ലെങ്കിൽ നിയമനടപടികൾ സ്വീകരിക്കുമെന്നും നോട്ടീസിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സെക്രട്ടേറിയറ്റിന്റെ നോർത്ത് ഗേറ്റിന് സമീപമാണ് സമരവേദി പ്രവർത്തിക്കുന്നത്. നേരത്തെ സമരസ്ഥലത്ത് തിരിച്ചറിയാവുന്നവർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഫ്‌ളക്‌സുകൾ നീക്കണമെന്നാവശ്യപ്പെട്ട് വീണ്ടും നോട്ടീസ് നൽകിയിരിക്കുന്നത്.

അധ്യാപക-വിദ്യാർഥി അനുപാതം കുറയ്ക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് ഉദ്യോഗാർഥികൾ നടത്തുന്ന പ്രതിഷേധം 122-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. എന്നാൽ പ്രധാന ആവശ്യമായ അധ്യാപക-വിദ്യാർഥി അനുപാതം കുറയ്ക്കാനാകില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സർക്കാർ.

Tags

Share this story