യുവാക്കളെ ‘പാറ്റകളാക്കി’ മാറ്റാൻ വിദേശശക്തികൾ ശ്രമിക്കുന്നു; കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ

മോഹനൻ കുന്നുമേൽ

തിരുവനന്തപുരം: ചില വിദേശശക്തികൾ യുവാക്കളെ മനഃപൂർവം “പാറ്റകളാക്കി” മാറ്റാനും മയക്കുമരുന്നിന് അടിമകളാക്കാനും ശ്രമിക്കുകയാണെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ. മത്സര പരീക്ഷകളിൽ മികവ് പുലർത്തിയ വിദ്യാർഥികളെ ആദരിക്കുന്ന ചടങ്ങിൽ നടത്തിയ പരാമർശങ്ങളുടെ പേരിലുള്ള വിമർശനങ്ങളോട് ഒരു മാധ്യമത്തിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ആദരിക്കൽ ചടങ്ങിൽ വച്ച് സദസിലുണ്ടായിരുന്ന വിദ്യാർഥികളോട് തങ്ങൾ പാറ്റകളല്ലെന്ന് തോന്നുന്നവർ ശബ്ദമുയർത്താൻ മോഹനൻ കുന്നുമ്മൽ ആവശ്യപ്പെട്ടപ്പോൾ ഒന്നോ രണ്ടോ പേർ മാത്രമാണ് പ്രതികരിച്ചത്. ഇതേക്കുറിച്ച് വിശദീകരിക്കവെ, സദസിലുണ്ടായിരുന്ന കുട്ടികൾ വളരെ ചെറുപ്പക്കാരായിരുന്നെന്നും താൻ ചോദിച്ചതിന്‍റെ അർഥം മനസിലാകാത്തതിനാലാണ് അവർ പ്രതികരിക്കാതിരുന്നതെന്നും മോഹനൻ കുന്നുമ്മൽ പറഞ്ഞു. “ചില വിദേശശക്തികൾ മനഃപൂർവം യുവാക്കളെ പാറ്റകളാക്കി മാറ്റുകയാണ്. മയക്കുമരുന്നിന് അടിമകളാക്കി അവരെ നശിപ്പിക്കാനാണ് ശ്രമം”- മോഹനൻ കുന്നുമ്മൽ പറഞ്ഞു. ഇതിനെതിരേ താൻ പ്രതികരിച്ചില്ലെങ്കിൽ താൻ എങ്ങനെയാണ് വൈസ് ചാൻസലറാകുകയെന്നും അദ്ദേഹം ചോദിച്ചു.

ചടങ്ങിൽ താൻ പറഞ്ഞ കാര്യങ്ങൾ പിന്നീട് ചില കുട്ടികൾ കേട്ടിരുന്നില്ലെന്ന് പറഞ്ഞതായും, മുതിർന്ന വിദ്യാർഥികളായിരുന്നെങ്കിൽ അവർ പ്രതികരിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിദേശത്തുനിന്നുള്ള എതിർപ്പിന്‍റെ ശബ്ദങ്ങൾ ഉയരുന്നത് യാദൃശ്ചികമായി മാത്രം കാണാനാകില്ലെന്നും അദ്ദേഹം ആരോപിച്ചു. “ഒരു യുവാവ് അമേരിക്കയിൽനിന്ന് വരുന്നു, നിരവധി ആളുകൾ അദ്ദേഹത്തെ പിന്തുണയ്ക്കുന്നു. ഇതെല്ലാം യാദൃശ്ചികമാണെന്ന് പറയാനാകുമോ? ഒരു സർവകലാശാല വൈസ് ചാൻസലർ ഇതെല്ലാം ചിന്തിക്കേണ്ടതല്ലേ?- മോഹനൻ കുന്നുമ്മൽ ചോദിച്ചു.

വന്ദേ മാതരം പാടുന്നതിനെ എതിർക്കുന്നവർക്ക് സ്വന്തം അമ്മയെ അറിയില്ലെന്ന തരത്തിൽ താൻ നടത്തിയെന്നു പറയുന്ന പരാമർശത്തെക്കുറിച്ചുള്ള വിമർശനങ്ങൾക്കും കുന്നുമ്മൽ മറുപടി നൽകി. തന്‍റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്ന് അദ്ദേഹം പറഞ്ഞു. ഭൂമിയെ ബഹുമാനിക്കണമെന്ന ആശയമാണ് താൻ ഉദ്ദേശിച്ചതെന്നും ചിലരുടെ ദുരുദ്ദേശ്യത്തിന്‍റെ ഭാഗമായി തന്നെ “സംഘി” എന്ന് മുദ്രകുത്തുകയായിരുന്നെന്നും അദ്ദേഹം ആരോപിച്ചു.

ആർഎസ്എസുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ആരോപണങ്ങളോടും അദ്ദേഹം പ്രതികരിച്ചു. ആർഎസ്എസ് ആശയത്തിൽ വിശ്വസിക്കുന്നവരാണ് രാജ്യം ഭരിക്കുന്നതെന്നും അവർക്ക് തന്‍റെ സഹായം ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

വിവിധ വിഷയങ്ങളിൽ തനിക്കെതിരേ പ്രതിഷേധിക്കുന്ന വിദ്യാർഥി സംഘടനയായ എസ്എഫ്ഐയെയും മോഹനൻ കുന്നുമ്മൽ വിമർശിച്ചു. അടുത്തിടെ എസ്എഫ്ഐ പ്രവർത്തകർ തന്നെ പുരാണത്തിലെ അസുരരാജാവായ മഹാബലിയുടെ രൂപത്തിൽ ചിത്രീകരിച്ച് സർവകലാശാലയ്ക്ക് മുൻപിൽ കോലം കുഴിച്ചുമൂടിയെന്നും അദ്ദേഹം ആരോപിച്ചു.

Tags

Share this story