ശംഖുമുഖത്ത് വിദേശ വനിതയ്ക്ക് നേരെ അതിക്രമം

Shangumugam

തലസ്ഥാനത്ത് വീണ്ടും വിദേശ വനിതയ്ക്ക് നേരെ അതിക്രമം. നാടിനെ നടുക്കിയ ലിഗ വധക്കേസിൻ്റെ മാനഹാനിയിൽ നിന്ന് സംസ്ഥാനം മുക്തിനേടുന്നതിന് മുന്നെയാണ് തലസ്ഥാനത്ത് വീണ്ടും വിദേശ വനിതക്ക് നേരെ അതിക്രമം നടന്നത്. ശംഖുമുഖം സന്ദർശനത്തിനായി എത്തിയ വിദേശ വനിതയോട് അപമര്യാദയായി പെരുമാറിയതിന് കഴിഞ്ഞ ദിവസം പ്ലസ് വൺ വിദ്യാർത്ഥിയായ പതിനാറുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. 

ഫ്രാൻസിൽ നിന്നെത്തിയ 50 കാരി സ്ഥലം സന്ദർശിക്കാനാണ് ശംഖുമുഖത്ത് എത്തിയത്. അവിടെ കളിച്ചുകൊണ്ടിരുന്ന പ്രതി വനിതയോട് സെൽഫി എടുക്കാൻ അനുവാദം ചോദിച്ചു. വനിത അനുമതി നൽകി. തുടർന്ന് പ്രതി തൻ്റെ മൊബൈൽ ഫോണിൽ സെൽഫി പകർത്തുന്നതിനിടെ അവരെ കടന്നു പിടിക്കുകയായിരുന്നു. സ്ത്രീ ബഹളം വെച്ചതിനെ തുടർന്ന് ഹോം ഗാർഡും നാട്ടുകാരും ഓടിയെത്തി. വദേശ വനിതയിൽ നിന്ന് കാര്യങ്ങൾ ചോദിച്ചറിഞ്ഞ അവർ ഇയാളെ തടഞ്ഞു വെച്ചു. ശേഷം നാട്ടുകാർ തന്നെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. 

വലിയതുറ സർക്കിൾ ഇൻസ്പെക്ടർ രതീഷിൻ്റെ നേതൃത്വത്തിലുള്ള സംഘം ഉടൻ സ്ഥലത്തെത്തി. അന്വേഷണം നടത്തി പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തുടർന്ന് വിദേശ വനിതയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതിയെ അറസ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയായിരുന്നു. എന്നാൽ പ്രതിക്ക് പ്രായപൂർത്തിയായിട്ടില്ലെന്നുള്ളതിനാൽ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. പ്രതിക്ക് മറ്റെന്തെങ്കിലും ക്രിമിനൽ പശ്ചാത്തലമുണ്ടോ എന്ന കാര്യത്തിൽ പൊലീസ് അന്വേഷണം നടത്തുന്നുണ്ടെന്ന് വലിയതുറ സർക്കിൾ ഇൻസ്പെക്ടർ രതീഷ് പറഞ്ഞു. 

അതേസമയം പ്രതിയുടെ കുറ്റകൃത്യ പ്രവണത നിയന്ത്രിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിൻപ്രകാരം പൊലീസ്  പ്രതിക്ക് കൗൺസിലിംഗും ഏർപ്പെടുത്തിയിട്ടുണ്ട്. ബീച്ചിന് സമീപം ബോട്ടിന്‍റെ അറ്റകുറ്റ പണികൾക്കായി എത്തിയതാണ് പതിനാറുകാരനെന്നാണ് വിവരം. പ്രതിയെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അന്വേഷണ പരിധിയിലാണെന്നും പൊലീസ് വ്യക്തമാക്കി.

Share this story