ബേലൂർ മഖ്‌നയെ ഏത് വിധേനയും മയക്കുവെടി വെക്കാൻ വനംവകുപ്പ്; ട്രാക്കിംഗ് നടപടികൾ ആരംഭിച്ചു

വയനാട് മധ്യവയസ്‌കനെ കൊലപ്പെടുത്തിയ കാട്ടാന ബേലൂർ മഖ്‌നയെ പിടിക്കാനുള്ള നടപടികൾ ഇന്ന് രാവിലെ വീണ്ടും തുടങ്ങും. ആനയുടെ റേഡിയോ കോളറിൽ നിന്ന് സിഗ്നൽ ലഭിക്കുന്ന മുറയ്ക്ക് ദൗത്യസംഘം നീങ്ങും. ആന ഏത് ഭാഗത്ത് തമ്പടിക്കുന്നുവെന്ന് നോക്കി ട്രാക്കിംഗ് വിദഗ്ധർ ആദ്യമിറങ്ങും

കൃത്യസ്ഥലം കിട്ടിയാൽ വെറ്റിനറി സംഘം മയക്കുവെടി വെക്കാൻ നീങ്ങും. ആന അതിവേഗത്തിൽ നീങ്ങുന്നതാണ് ദൗത്യത്തിന് വെല്ലുവിളിയാകുന്നത്. ആനയെ രാവിലെ ട്രാക്ക് ചെയ്യാനായാൽ നടപടികൾ എളുപ്പത്തിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്

മണ്ണാർക്കാട്, നിലമ്പൂർ ആർആർടികൾ കൂടി ദൗത്യത്തിന്റെ ഭാഗമാകും. ഇന്നലെ രാവിലെ മുതൽ ആനയ്ക്ക് പിന്നാലെ കൂടിയെങ്കിലും മയക്കുവെടി വെക്കാൻ സാധിച്ചിരുന്നില്ല. രാത്രി വൈകിയതോടെ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.
 

Share this story