വിദേശ സർവകലാശാലകൾ കേന്ദ്രനയത്തിന്റെ ഭാഗം, സംസ്ഥാന സർക്കാരിന് ബന്ധമില്ല: ഇപി ജയരാജൻ

ep

വിദേശ സർവകലാശാലകൾ കേന്ദ്ര നയത്തിന്റെ ഭാഗമാണെന്നും സംസ്ഥാന സർക്കാരിന് ഇതുമായി യാതൊരു ബന്ധവുമില്ലെന്നും എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. കേന്ദ്രം പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിൽ എവിടെയും വിദേശ സർവകലാശാല സ്ഥാപിക്കാം. യുജിസി നിയമത്തിൽ തന്നെ അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. 

സർവകലാശാലകൾ കഴിയുന്നത്ര പൊതുമേഖലയിലായാൽ അത് വിദ്യാഭ്യാസത്തിന്റെ വളർച്ചയ്ക്ക് സഹായകരമാകുമെന്നും ഇപി പ്രതികരിച്ചു. കേന്ദ്രനയങ്ങൾക്കെതിരെ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ നാളെ ഡൽഹിയിൽ നടത്താനിരിക്കുന്ന സമരം കേരളത്തിലെ ജനങ്ങളുടെ വികാരമാണെന്നും ഇ പി ജയരാജൻ പറഞ്ഞു.

സംസ്ഥാനത്തിന് അർഹതപ്പെട്ട വിഹിതം കേന്ദ്രം നൽകാതെ ഇരിക്കുന്നു. ജനക്ഷേമകരമായ കാര്യങ്ങൾ നടപ്പിലാക്കാൻ കഴിയാത്ത അവസ്ഥയാണ്. ഇത് കേരളത്തിന്റെ വികസനത്തെ മുരടിപ്പിക്കുന്നു. കേരളത്തിന്റെ സമാന അനുഭവമുള്ള സംസ്ഥാനങ്ങൾ വേറെയുണ്ട്. കർണാടക സർക്കാർ പ്രതിഷേധവുമായി രംഗത്തെത്തിക്കഴിഞ്ഞു. എന്നാൽ കേരളത്തിലെ കോൺഗ്രസ് ചെയ്യുന്ന കാര്യങ്ങൾ ജനങ്ങൾ തിരിച്ചറിയും. പക്ഷെ യുഡിഎഫിലെ എല്ലാ കക്ഷികൾക്കും കോൺഗ്രസിന്റെ നിലപാടല്ലെന്നും ഇപി വിമർശിച്ചു.


 

Share this story